ന്യൂയോര്‍ക്ക് : കൊവിഡ് വാക്‌സിന്‍ ഉൾപ്പടെ ഏകദേശം രണ്ട് ഡസനോളം ഉത്പന്നങ്ങള്‍ ദരിദ്ര രാജ്യങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ച് ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസർ. ലാഭേച്ഛയില്ലാതെയായിരിക്കും ഉത്പന്നങ്ങളുടെ വില്‍പന നടത്തുകയെന്ന് കമ്പനി വ്യക്തമാക്കി. സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ വച്ച് നടന്ന ലോക സാമ്പത്തിക ഫോറത്തിന്‍റെ വാർഷിക യോഗത്തിലാണ് കമ്പനിയുടെ പ്രഖ്യാപനം.
കൊവിഡിന് പുറമേ പകർച്ചവ്യാധികൾ, കാൻസറുകൾ, അപൂർവ രോഗങ്ങള്‍ തുടങ്ങിയവയ്ക്ക് ചികിത്സിക്കുന്ന 23 മരുന്നുകളും വാക്‌സിനുകളുമാണ് വിതരണം ചെയ്യുക. അമേരിക്കയിലും യൂറോപ്യന്‍ യൂണിയനിലും വ്യാപകമായി ലഭ്യമായ മരുന്നുകളും വാക്‌സിനുകളുമാണിവ. വരുമാനം കുറഞ്ഞ 45 രാജ്യങ്ങളിലെ ഹെല്‍ത്ത് ഇക്വിറ്റി മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്പനി വ്യക്തമാക്കി.
45 രാജ്യങ്ങളില്‍ വിതരണം ചെയ്യും : പട്ടികയില്‍ കൂടുതലും ആഫ്രിക്കന്‍ രാജ്യങ്ങളാണെങ്കിലും ഹെയ്‌തി, സിറിയ, കമ്പോഡിയ, നോർത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. നിലവിൽ വളരെ കുറച്ച് മരുന്നുകളും വാക്‌സിനുകളും മാത്രമേ ഈ രാജ്യങ്ങളില്‍ ലഭ്യമാകുന്നുള്ളൂവെന്ന് കമ്പനി വക്താവ് പാം ഐസ്‌ലെ പറഞ്ഞു. നിർമാണ ചിലവും കുറഞ്ഞ വിതരണ ചിലവും മാത്രമേ കമ്പനി ഈടാക്കൂവെന്നും ഐസെലെ കൂട്ടിച്ചേര്‍ത്തു.
ഉപരോധങ്ങൾക്കും ബാധകമായ മറ്റെല്ലാ നിയമങ്ങൾക്കും അനുസൃതമായിട്ടായിരിക്കും മരുന്നുകളുടേയും വാക്‌സിനുകളുടേയും വിതരണമെന്നും കമ്പനി വക്താവ് വ്യക്തമാക്കി. ദരിദ്ര രാജ്യങ്ങളിൽ ഫൈസറിന്‍റെ കൊവിഡ് ചികിത്സ കൂടുതൽ വ്യാപകമായി ലഭ്യമാക്കണമെന്ന് ലോകാരോഗ്യ സംഘടന മേധാവി കമ്പനിയോട് ഈ മാസമാദ്യം അഭ്യർഥിച്ചിരുന്നു. ഫൈസറിന്‍റെ കൊവിഡ് വാക്‌സിനായ കോമിര്‍നാറ്റി ഇതിനകം തന്നെ ദരിദ്ര രാജ്യങ്ങള്‍ക്ക് ലാഭേച്ഛയില്ലാത്ത നിരക്കിൽ യുഎസ് ഗവൺമെന്‍റ് മുഖേന നൽകുന്നുണ്ടെന്ന് കമ്പനി അറിയിച്ചു.
യുഎസ് ഗവണ്‍മെന്‍റ് കമ്പനിയില്‍ നിന്ന് വാക്‌സിന്‍ ഡോസുകള്‍ വാങ്ങി സൗജന്യമായി വിതരണം ചെയ്യുന്നു. കഴിഞ്ഞ വർഷം ഏകദേശം 37 ബില്യൺ ഡോളറിന്‍റെ വിൽപനയാണ് കൊമിർനാറ്റിയിലൂടെ കമ്പനി നേടിയത്. കൊവിഡിനെതിരെയുള്ള ആന്‍റിവൈറല്‍ ഡ്രഗ് ആയ പാക്‌സ്‌ലോവിഡിന്‍റെ വില്‍പനയിലൂടെ ഈ വർഷം ഏകദേശം 24 ബില്യൺ ഡോളർ കമ്പനിക്ക് ലഭിക്കുമെന്നാണ് അനലിസ്റ്റുകളുടെ പ്രവചനം.