ന്യൂയോർക്ക്: അമേരിക്കന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസറിന്‍റെ സിഇഒ ആൽബർട്ട് ബൗർലക്ക് വീണ്ടും കൊവിഡ് ബാധ. ബൗര്‍ല തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. 'എനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബുദ്ധിമുട്ടൊന്നും തോന്നുന്നില്ല, രോഗ ലക്ഷണങ്ങളും കാണിക്കുന്നില്ല.
ഞാന്‍ ഇപ്പോഴും പുതിയ ബൈവാലന്‍റ് ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചിട്ടില്ല. മുമ്പ് കൊവിഡ് ബാധിച്ചതിനാല്‍ മൂന്നുമാസത്തിന് ശേഷം ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന സിഡിസി നിര്‍ദേശങ്ങള്‍ പാലിക്കുകയാണ് ഞാന്‍. കൊവിഡ് പ്രതിരോധത്തില്‍ നാം മുന്നിലാണെങ്കിലും വൈറസ് ഇപ്പോഴും നമ്മുടെ കൂടെ തന്നെ ഉണ്ട്', ആൽബർട്ട് ബൗർല ട്വീറ്റ് ചെയ്‌തു.
രോഗ ബാധിതരില്‍ ഉണ്ടാകുന്ന ആന്‍റിബോഡി ഒരു ബൂസ്റ്റർ പോലെ പ്രവർത്തിക്കും. സുഖം പ്രാപിച്ചതിന് ശേഷം ഏകദേശം മൂന്ന് മാസത്തേക്ക് വീണ്ടും അസുഖം വരാനുള്ള സാധ്യത താരതമ്യേന കുറവാണെന്ന് പഠനങ്ങൾ കാണിക്കുന്നു. അതിനാലാണ് ബൂസ്റ്റര്‍ വാക്‌സിന്‍ മൂന്നുമാസത്തിന് ശേഷം സ്വീകരിക്കണം എന്ന നിര്‍ദേശം യുഎസ് സെന്‍റേർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) മുന്നോട്ടു വച്ചത്.
സെപ്‌റ്റംബർ 1ന് ഫൈസർ, മോഡേണ എന്നിവയിൽ നിന്നുള്ള പുതിയ ബൂസ്റ്റർ ഡോസുകള്‍ വാങ്ങാനുള്ള കരാറില്‍ സിഡിസി ഒപ്പുവച്ചു. ഫൈസർ ബയോഎന്‍ടെകിന്‍റെ പുതിയ വാക്‌സിന്‍ 12 വയസും അതിന് മുകളിലുള്ളവര്‍ക്കും സ്വീകരിക്കാം. ഈ ഗ്രൂപ്പുകാര്‍ക്ക് സ്വീകരിക്കാവുന്ന അംഗീകൃത 30-മൈക്രോഗ്രാം ഡോസാണ് ഫൈസറിന്‍റെത്. മോഡേണയുടെ പുതിയ വാക്‌സിൻ 18 വയസും അതിൽ കൂടുതലുമുള്ള ആളുകൾക്ക് സ്വീകരിക്കാവുന്ന 50 മൈക്രോഗ്രാം ഡോസാണ്.