സാവോപോളോ: ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് റിപ്പോർട്ട്. പെലെ ചികിത്സകളോട് പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നുമാണ് സാവോപോളോയിലെ ആല്‍ബെർട്ട് ഐൻസ്റ്റീൻ ആശുപത്രി അധികൃതർ അറിയിച്ചത്. കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് (നവംബർ 29) ശ്വാസകോശസംബന്ധമായ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആശുപത്രിയിലെ ചികിത്സയെ സംബന്ധിച്ച് പെലെയും പ്രതികരിച്ചിട്ടുണ്ട്. " എന്‍റെ ചികിത്സ പൂർവാധികം നന്നായി തുടരുന്നു, എനിക്കതില്‍ പ്രതീക്ഷയുണ്ട്, ഞാൻ ശക്തനാണ്". എന്നെ പരിചരിച്ച ഡോക്‌ടർമാരോടും മറ്റ് ആരോഗ്യപ്രവർത്തകരോടും നന്ദി അറിയിക്കുന്നതായും പെലെ ഇൻസ്റ്റഗ്രാമില്‍ കുറിച്ചു. " എനിക്ക് ദൈവത്തില്‍ വിശ്വാസമുണ്ട്. ലോകത്തിന്‍റെ നാനാഭാഗത്ത് നിന്ന് ലഭിക്കുന്ന സ്നേഹവും സന്ദേശങ്ങളും എനിക്ക് കൂടുതല്‍ ഊർജം നല്‍കുന്നുണ്ട്. അതിനൊപ്പം ലോകകപ്പില്‍ ബ്രസീലിന്‍റെ മത്സരങ്ങൾ കാണുകയും ചെയ്യുന്നു." പെലെ ഇൻസ്റ്റഗ്രാമില്‍ കുറിച്ചതിങ്ങനെ...
കാൻസർ ചികിത്സയിലുള്ള എൺപത്തിരണ്ടുകാരനായ പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടർന്ന് ലോകമെമ്പാടുമുള്ള ഫുട്‌ബോൾ ആരാധകർ ആശങ്കയിലായിരുന്നു. ഇതേ തുടർന്ന് ചികിത്സയുടെ വിവരങ്ങൾ പെലെയുടെ മകൾ കെലി നാസിമെന്‍റോയും ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.
ഇതിഹാസം: 1958, 1962, 1970 ലോകകപ്പുകൾ നേടിയ ബ്രസീല്‍ ടീമിന്‍റെ അവിഭാജ്യഘടകമായിരുന്ന പെലെ 92 മത്സരങ്ങളില്‍ നിന്നായി ബ്രസീലിന് വേണ്ടി 77 ഗോളുകൾ നേടിയിട്ടുണ്ട്. എഡ്‌സൺ അരാന്‍റെസ് ദോ നാസിമെന്‍റോ എന്ന പെലെയുടെ പേരിലാണ് രാജ്യാന്തര ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ഗോൾ, കൂടുതല്‍ ഹാട്രിക്കുകള്‍ എന്നി റെക്കോഡുകൾ. ഒരു പക്ഷേ ആർക്കും തിരുത്താൻ കഴിയാത്ത റെക്കോഡായ മൂന്ന് ലോകകപ്പുകൾ നേടിയ ടീമില്‍ അംഗമായ ലോകത്തിലെ ഏക ഫുട്‌ബോൾ താരവും സാക്ഷാല്‍ പെലെ തന്നെ...
നാല് ലോകകപ്പുകൾ കളിച്ച പെലെ 12 ലോകകപ്പ് ഗോളുകളും നേടി. 1958ല്‍ 17 വയസും 239 ദിവസവും മാത്രമുള്ളപ്പോൾ പെലെ നേടിയ ഗോളാണ് ഇന്നും ലോകകപ്പിലെ ഏറ്റവും തകർക്കപ്പെടാത്ത റെക്കോഡാണ്. ലോകമുള്ള കാലത്തോളം ഫുട്‌ബോളും കാല്‍പ്പന്തിന്‍റെ മാസ്‌മരികയുള്ള കാലത്തോളം പെലെ എന്ന പേരും മൈതാനങ്ങളിലും ആരാധക ഹൃദയങ്ങളിലുമുണ്ടാകും.