റമല്ല : ഗാസയിൽ ഇസ്രയേൽ കനത്ത വ്യോമാക്രമണം (Israel Airstrike In Gaza) നടത്തിയതിന് പിന്നാലെ അന്താരാഷ്‌ട്ര സമൂഹത്തോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പലസ്‌തീൻ വിദേശകാര്യ മന്ത്രാലയം (Palestinian Ministry of Foreign Affairs and Expatriates). ഇന്നലെ രാത്രി ഇസ്രയേൽ നടത്തിയ തുടർച്ചയായ ഉഗ്രസ്‌ഫോടനങ്ങളിൽ ഗാസയിലുടനീളം ഇന്‍റർനെറ്റ് ഉൾപ്പടെയുള്ള ആശയവിനിമയ സംവിധാനങ്ങൾ വിച്ഛേദിക്കപ്പെട്ടിരുന്നു (Internet System Collapsed In Gaza). ഈ സാഹചര്യത്തിലാണ് യുദ്ധം അവസാനിപ്പിക്കാൻ ഇടപെടൽ വേണമെന്ന് പലസ്‌തീൻ ആവശ്യപ്പെട്ടത്.
ഗാസ മുനമ്പിലെ ഇസ്രയേൽ അധിനിവേശ യുദ്ധത്തിന്‍റെ പ്രത്യാഘാതങ്ങൾ തടയാൻ ഉടനടി ഇടപെടൽ വേണമെന്ന് പലസ്‌തീൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക എക്‌സ് പേജിലാണ് കുറിച്ചത്. ഇസ്രയേൽ കരയുദ്ധത്തിലേയ്‌ക്ക് (Israel Ground War In Gaza) കടക്കുന്നതായും അതിന്‍റെ സൂചനയാണതെന്നും ഗാസ മുനമ്പിലെ ജനങ്ങൾക്കെതിരെ ഓരോ മിനിറ്റും നടക്കുന്ന വംശഹത്യ തടയാനും ഇസ്രയേൽ നടത്തുന്ന കൂട്ടക്കൊല അവസാനിപ്പിക്കാനും യുദ്ധം അവസാനിപ്പിക്കണമെന്നും അതിനായി ഉത്തരവാദിത്വപ്പെട്ടവരുടെ ഇടപെടൽ വേണമെന്നും മന്ത്രാലയം മുഴുവൻ ലോക രാജ്യങ്ങളോടും ആവശ്യപ്പെട്ടു.
ഒറ്റപ്പെട്ട് ഗാസ : കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി ഗാസയിൽ ഇസ്രയേൽ നടത്തിവരുന്ന ഷെല്ലാക്രമണത്തിൽ നഗരം മുഴുവൻ ഇരുട്ടിലായി. ആരോഗ്യ മേഖല പ്രതിസന്ധിയിലായി. വാർത്താവിനിമയ സംവിധാനങ്ങൾ പൂർണമായും വിച്ഛേദിക്കപ്പെട്ടതോടെ പുറം ലോകവുമായി ബന്ധപ്പെടാനും ബുദ്ധിമുട്ട് നേരിടുകയാണ്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ പോലും ആംബുലൻസുകളുമായി ബന്ധപ്പെടാൻ സാധിക്കാത്ത സ്ഥിതിയാണെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.