ദുബായ്: പാകിസ്ഥാൻ മുൻ പ്രസിഡന്‍റ് പർവേസ് മുഷാറഫ് (79) അന്തരിച്ചു. യുഎഇയിലെ അമേരിക്കൻ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. 2001 മുതൽ 2008 വരെ പാകിസ്ഥാൻ പ്രസിഡന്‍റായിരുന്നു. 2016 മുതൽ ദുബായിലാണ് മുഷാറഫ് താമസിക്കുന്നത്.
രണ്ടാഴ്‌ചയായി ആരോഗ്യനില മോശമായതിനാൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവരികയായിരുന്നു. കാർഗിൽ യുദ്ധകാലത്ത് പാകിസ്ഥാൻ സൈനിക മേധാവിയായിരുന്നു പര്‍വേസ് മുഷാറഫ്. 1999 ലെ വിജയകരമായ സൈനിക അട്ടിമറിയിലൂടെ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ അധികാരത്തിൽ നിന്ന് പുറത്താക്കി രാജ്യത്തിന്‍റെ പത്താമത്തെ പ്രസിഡന്‍റായാണ് മുഷാറഫ് ചുമതലയേറ്റത്.
1998 മുതൽ 2001 വരെ പാകിസ്ഥാന്‍റെ ജോയിന്‍റ് ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ (സിജെസിഎസ്‌സി) പത്താമത്തെ ചെയർമാനായും 1998 മുതൽ 2007 വരെ ഏഴാമത്തെ ടോപ്പ് ജനറലായും പ്രവർത്തിച്ചിട്ടുണ്ട്. 2008 ലെ പൊതു തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്‍റെ രാഷ്ട്രീയ സഖ്യകക്ഷികൾ പരാജയപ്പെട്ടതോടെ സ്ഥാനമൊഴിയാൻ മുഷാറഫ് നിർബന്ധിതനായി.
അമിലോയിഡോസിസ് ബാധിച്ച് നീണ്ടകാലത്തെ ചികിത്സയിലായിരുന്നു അദ്ദേഹം. ശരീരത്തിലുടനീളം അവയവങ്ങളിലും കലകളിലും അമിലോയിഡ് എന്ന അസാധാരണ പ്രോട്ടീൻ അടിഞ്ഞുകൂടുന്നത് മൂലമുണ്ടാകുന്ന അപൂർവമായ ഒരു രോഗാവസ്ഥയാണിത്. കൃത്യമായ ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ ഈ അസുഖം ബാധിച്ചവരുടെ അവയവങ്ങൾ പ്രവർത്തനരഹിതമാകും. ആരോഗ്യ സംബന്ധമായ സങ്കീർണതകളെ തുടർന്നാണ് മുഷാറഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അവയവങ്ങൾ പ്രവർത്തനരഹിതമായി തുടങ്ങിയെന്നും സുഖം പ്രാപിക്കാനുള്ള സാധ്യത കുറവാണെന്നും എല്ലാവരുടെയും പ്രാർഥന കൂടെ വേണമെന്നും അദ്ദേഹത്തിന്‍റെ കുടുംബം സമൂഹ മാധ്യമത്തിലൂടെ നേരത്തെ അറിയിച്ചിരുന്നു. അതേസമയം എത്രയും വേഗം പാകിസ്ഥാനിലേക്ക് മടങ്ങണമെന്ന ആഗ്രഹം മുൻ സൈനിക മേധാവി മരണത്തിന് മുൻപ് പ്രകടിപ്പിച്ചിരുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു.