ഇസ്ലാമബാദ് :ഇമ്രാൻ ഖാന് സുപ്രീം കോടതിയില്‍ നിന്ന് കനത്ത പ്രഹരം. പിരിച്ചുവിട്ട മന്ത്രിസഭ സുപ്രീം കോടതി പുനസ്ഥാപിച്ചു. ഖാനെതിരായ അവിശ്വാസ പ്രമേയം തള്ളിയ ദേശീയ അസംബ്ലി ഡെപ്യൂട്ടി സ്പീക്കർ ഖാസിം സൂരിയുടെ നീക്കത്തിന് നിയമസാധുതയില്ലെന്ന് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട അഞ്ചംഗ ബഞ്ച് വിധിച്ചു.
കേസില്‍ ഖാസിം സൂരിക്കെതിരെ ചീഫ് ജസ്റ്റിസ് ഉമര്‍ ആത ബന്‍ദിയലിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച സ്വമേധയാ കേസ് എടുത്തിട്ടുമുണ്ട്. വൈകിട്ടായിരുന്നു കോടതിയുടെ സുപ്രധാന വിധി.
ദേശീയ അസംബ്ലി പിരിച്ചുവിടാനുള്ള പാകിസ്ഥാൻ പ്രസിഡന്റ് ആരിഫ് അൽവിയുടെ തീരുമാനം നിയമവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. ദേശീയ അസംബ്ലിയുടെ സമ്മേളനം ഏപ്രിൽ 9 ശനിയാഴ്ച രാവിലെ 10 മണിക്ക് ചേരാനും കോടതി ഉത്തരവിട്ടു. അന്ന് ഖാനെതിരായ അവിശ്വാസ പ്രമേയത്തില്‍ സഭ തീരുമാനമെടുക്കും.
ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയം അവസാനിക്കാതെ സെഷൻ മാറ്റിവയ്ക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. മാർച്ച് 28-ന് അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ ശ്രമിച്ചങ്കിലും സ്പീക്കര്‍ അനുമതി നല്‍കാതെ തള്ളുകയായിരുന്നു. ഇതോടെ ഖാന്‍ തന്‍റെ മന്ത്രിസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണെന്ന് പ്രഖ്യാപിച്ചു.