ലാഹോര്‍ : പാകിസ്ഥാനിലെ മുള്‍ട്ടാനിലുള്ള സര്‍ക്കാര്‍ ആശുപത്രിയിൽ നൂറുകണക്കിന് മൃതദേഹങ്ങള്‍ അഴുകിയ നിലയിൽ കണ്ടെത്തിയതില്‍ അന്വേഷണത്തിന് ഉത്തരവ്. പഞ്ചാബ് (പാകിസ്ഥാന്‍) മുഖ്യമന്ത്രി പർവേസ് ഇലാഹിയാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. മൃതദേഹങ്ങള്‍ ചീഞ്ഞളിഞ്ഞ നിലയില്‍ ആശുപത്രി മോര്‍ച്ചറിയുടെ മേൽക്കൂരയില്‍ വ്യാഴാഴ്‌ചയാണ് (ഒക്‌ടോബര്‍ 13) കണ്ടെത്തിയത്.
പാക് ആശുപത്രി കെട്ടിടത്തിന് മുകളില്‍ പുഴുവരിച്ച മൃതദേഹങ്ങള്‍ ; അന്വേഷണത്തിന് ഉന്നത സമിതി
പാകിസ്ഥാനിലെ മുള്‍ട്ടാനിലുള്ള സര്‍ക്കാര്‍ ആശുപത്രിയുടെ മോര്‍ച്ചറി കെട്ടിടത്തിന് മുകളില്‍ നൂറുകണക്കിന് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് വിവാദമായത്
പ്രത്യേക ആരോഗ്യ സംരക്ഷണ കാര്യ വകുപ്പ് സെക്രട്ടറി മുസമിൽ ബഷീറിന്‍റെ നേതൃത്വത്തിൽ ആറംഗ ഉന്നതാധികാര സമിതിയാണ് അന്വേഷണം നടത്തുന്നത്. മൂന്നുദിവസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് പൂർത്തിയാക്കാനാണ് സർക്കാർ നിര്‍ദേശിച്ചിരിക്കുന്നത്. അഴുകിയ ജഡങ്ങള്‍ പരുന്തുകളും കഴുകന്മാരും കൊത്തിവലിക്കുന്ന ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് ഇക്കാര്യം പുറംലോകമറിഞ്ഞത്. അതേസമയം, അനാഥമായി ചീഞ്ഞളിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ തങ്ങളുടെ അനുയായികളുടേതാവാന്‍ സാധ്യതയുണ്ടെന്ന് ബലൂച് ഭീകര സംഘടന അറിയിച്ചു.
മൃതദേഹങ്ങളോട് അനാദരവ് കാണിച്ചതിനെതിരെ വിമര്‍ശനങ്ങളും ഇവരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. പഞ്ചാബ് (പാകിസ്ഥാന്‍) മുഖ്യമന്ത്രിയുടെ ഉപദേഷ്‌ടാവ് ചൗധരി സമാൻ ഗുജാർ വ്യാഴാഴ്‌ച (ഒക്‌ടോബര്‍ 13) ലാഹോറിൽ നിന്ന് 350 കിലോമീറ്റർ അകലെയുള്ള ഈ ആശുപത്രി സന്ദര്‍ശിച്ചിരുന്നു. ഇതേദിവസം, മൃതദേഹങ്ങൾ ഉടനടി സംസ്‌കരിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു. സംഭവത്തിന് കാരണക്കാരായ ജീവനക്കാർക്കെതിരെ നടപടിയെടുക്കാൻ ആരോഗ്യവകുപ്പ് അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.