കറാച്ചി:പാകിസ്ഥാനിലെ തെക്കൻ സിന്ധ് പ്രവിശ്യയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ 30 പേർ മരിച്ചു. നൂറുപേര്‍ക്ക് പരിക്കേറ്റെന്നും റിപ്പോര്‍ട്ടുകളുണ്ട്. പാളം തെറ്റിയതാണ് അപകടകാരണമെന്നാണ് പുറത്തുവരുന്ന വിവരം.
കറാച്ചിയിൽ നിന്ന് റാവൽപിണ്ടിയിലേക്ക് പോവുകയായിരുന്ന ഹസാര എക്‌സ്പ്രസ് ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. കറാച്ചിയിൽ നിന്ന് 275 കിലോമീറ്റർ അകലെയുള്ള സർഹാരി റെയിൽവേ സ്റ്റേഷന് സമീപത്തുവച്ചാണ് ട്രെയിന്‍ പാളം തെറ്റിയത്. മുതിർന്ന റെയിൽവേ പൊലീസ് ഉദ്യോഗസ്ഥരാണ് അപകടത്തിലെ മരണം സംബന്ധിച്ച് സ്ഥിരീകരണം നടത്തിയത്.
പരിക്കേറ്റവരില്‍ ചിലര്‍ ഗുരുതരാവസ്ഥയിലായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് പാകിസ്ഥാന്‍ ഫെഡറൽ റെയിൽവേ മന്ത്രി സാദ് റഫീഖ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. '10 ബോഗികളാണ് പാളം തെറ്റിയത്. അപകട കാരണത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചുവരികയാണ്. സൈന്യത്തിന്‍റെ സഹായത്തോടെ രക്ഷാപ്രവർത്തനം തുടരുകയാണ്.' - പാകിസ്ഥാൻ റെയിൽവേ സുക്കൂർ ഡിവിഷണൽ കൊമേഴ്‌സ്യൽ ഓഫിസർ (ഡിസിഒ) മൊഹ്‌സിൻ സിയാൽ മാധ്യമങ്ങളോട് പറഞ്ഞു.
രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും:പരിക്കേറ്റ സ്‌ത്രീകളടക്കമുള്ള 100 യാത്രക്കാര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. അപകടത്തില്‍പ്പെട്ട കമ്പാർട്ട്‌മെന്‍റുകളിൽ നിന്ന് ആളുകളെ പുറത്തെടുക്കാൻ പൊലീസും സന്നദ്ധപ്രവര്‍ത്തകരും നാട്ടുകാരും സജീവമായി ഇടപെട്ടു. രക്ഷാപ്രവർത്തനത്തിലൂടെ അപകടത്തില്‍പ്പെട്ട മുഴുവന്‍ പേരെയും പുറത്തെടുക്കാന്‍ സംഭവം നടന്നയുടനെ തന്നെ വളരെയധികം ശ്രദ്ധ നല്‍കിയിരുന്നെന്ന് റെയില്‍വേ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കരസേന മേധാവി ജനറൽ അസിം മുനീറിന്‍റെ പ്രത്യേക നിർദേശ പ്രകാരം രക്ഷാപ്രവർത്തനത്തില്‍ സൈന്യവും സജീവമായി ഇടപെട്ടു. രക്ഷാപ്രവർത്തനം ഊര്‍ജിതമാക്കാന്‍ കൂടുതൽ സേന സംഭവം നടന്നയിടത്തേക്ക് എത്തി. പരിക്കേറ്റവരെ രക്ഷിക്കാൻ ആർമി ഏവിയേഷൻ ഹെലികോപ്റ്ററുകളും സ്ഥലത്തെത്തി. അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനാണ് പാകിസ്ഥാൻ സൈന്യത്തിന് നല്‍കിയ നിര്‍ദേശം.
പാകിസ്ഥാനില്‍ 2021ലും ട്രെയിന്‍ അപകടം, മരിച്ചത് 30 പേര്‍:പാകിസ്ഥാനിലെ ദക്ഷിണ സിന്ധ് പ്രവിശ്യയില്‍ രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 2021 ജൂണില്‍ അപകടം സംഭവിച്ചിരുന്നു. അന്ന് 30 പേര്‍ മരണപ്പെടുകയും 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നതായി അധികൃതര്‍ അറിയിക്കുകയുണ്ടായി. ഗോഡ്‌കി ജില്ലയിലെ ധാര്‍കി പട്ടണത്തിന് സമീപമാണ് അപകടം സംഭവിച്ചത്. സര്‍ഗോധയില്‍ നിന്നുള്ള മില്ലറ്റ് എക്‌സ്പ്രസ് പാളം തെറ്റി ലാഹോറില്‍ നിന്ന് കറാച്ചിയിലേയ്ക്ക് പോകുകയായിരുന്ന സിര്‍ സയദ് എക്‌സ്പ്രസുമായി കൂട്ടിയിടിച്ചാണ് ദുരന്തം.
READ MORE |പാകിസ്ഥാനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 30 പേര്‍ മരിച്ചു
അപകടത്തില്‍ മില്ലറ്റ് എക്‌സ്പ്രസിലെ കോച്ചുകള്‍ തലകീഴായി മറിഞ്ഞത് ദുരന്തത്തിന്‍റെ ആഘാതം വര്‍ധിപ്പിച്ചു. മറിഞ്ഞ കോച്ചുകളില്‍ നിരവധി ആളുകള്‍ കുടുങ്ങി കിടന്നിരുന്നു. ഇതുകൂടെയാണ് മരണസംഖ്യ ഉയരാന്‍ കാരണമായത്. ഗോഡ്‌കി ഡെപ്യൂട്ടി കമ്മിഷണര്‍ ഉസ്‌മാന്‍ അബ്‌ദുള്ളയാണ് ദുരന്തം സംബന്ധിച്ചുള്ള വിശദമായ വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവച്ചത്. 13 - 14 കോച്ചുകളാണ് പാളം തെറ്റിയതെന്നും 6 - 8 കോച്ചുകള്‍ പൂര്‍ണമായും നശിച്ചെന്നും അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു.