ഇസ്‌ലാമാബാദ്:പെഷവാറിലെ ആരാധനാലയത്തിലുണ്ടായ ചാവേറാക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാകിസ്ഥാന്‍ താലിബാന്‍ എന്നറിയപ്പെടുന്ന തെഹ്‌രീകെ താലിബാൻ പാകിസ്ഥാൻ. കഴിഞ്ഞ ഓഗസ്റ്റില്‍ തെഹ്‌രീകെ താലിബാൻ പാകിസ്ഥാൻ (ടിടിപി) കമാൻഡർ ഉമർ ഖാലിദ് ഖുറസാനി അഫ്‌ഗാനില്‍ വച്ച് കൊല്ലപ്പെട്ടിരുന്നു. ഇതിന് പ്രതികാരമെന്നോണമാണ് ഇന്നലെ പെഷവാറിലെ പള്ളിയില്‍ ചാവേറാക്രമണം നടത്തിയതെന്ന് അദ്ദേഹത്തിന്‍റെ സഹോദരന്‍ അവകാശപ്പെട്ടു.
അതേസമയം, ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 63 ആയി ഉയര്‍ന്നിട്ടുണ്ട്. 150ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടാകാം എന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ ഉച്ചയൊടെ പെഷവാറിലെ പൊലീസ് ഹൗസിങ് ബ്ലോക്കിന് സമീത്തുള്ള പള്ളിയിലായിരുന്നു ആക്രമണം നടന്നത്.
പള്ളിയില്‍ ഉച്ചയ്‌ക്കുള്ള പ്രാര്‍ഥന (ളുഹ്‌ര്‍) നടക്കുന്നതിനിടെ മുന്‍നിരയിലുണ്ടായിരുന്ന ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ഷഫിയുള്ള ഖാന്‍ വ്യക്തമാക്കിയിരുന്നു. കൊല്ലപ്പെട്ടതിലും പരിക്കേറ്റതിലും കൂടുതല്‍ പൊലീസുകാരാണെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞിരുന്നു.
സ്‌ഫോടന സമയത്ത് സംഭവസ്ഥലത്ത് 300-400 വരെ പൊലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നതായി പെഷവാര്‍ കാപിറ്റല്‍ സിറ്റി പൊലീസ് ഓഫിസര്‍ മുഹമ്മദ് ഇജാസ് ഖാന്‍ വ്യക്തമാക്കി. സുരക്ഷ വീഴ്‌ച സംഭവിച്ചിട്ടുള്ളത് വ്യക്തമാണ്. ആക്രമണത്തെ തുടര്‍ന്ന് പള്ളിയുടെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്ന് വീണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തീവ്രവാദം രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി: പെഷവാറിലെ പള്ളിയിലുണ്ടായ ചാവേറാക്രമണത്തിന് പിന്നാലെ പാക് പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷരീഫ് സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു. ദുരന്തത്തിന്‍റെ വ്യാപ്‌തി സങ്കല്‍പ്പിക്കാനാവാത്തതാണെന്നായിരുന്നു സ്‌ഫോടന സ്ഥലത്ത് നിന്നും മടങ്ങിയെത്തിയ ശേഷം അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. രാജ്യം അഗാധമായ ദുഃഖത്തില്‍ വലയുമ്പോള്‍ ഈ സംഭവത്തിലൂടെ തീവ്രവാദമാണ് നമ്മുടെ രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് വ്യക്തമായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടാതെ ചാവേറാക്രമണത്തില്‍ പരിക്കേറ്റവരുടെ ചികിത്സയുടെ ഭാഗമായി അവര്‍ക്ക് വേണ്ടി രക്തദാനം നടത്താന്‍ രാജ്യത്തെ ജനങ്ങളോടും പാക് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ചാവേറാക്രമണത്തെ അപലപിച്ച് യൂറോപ്യന്‍ യൂണിയന്‍: പെഷവാറിലെ പള്ളിയിൽ ഉണ്ടായ ആക്രമണത്തെ യൂറോപ്യൻ യൂണിയൻ ശക്തമായി അപലപിച്ചു. നിരവധി ജീവനുകള്‍ നഷ്‌ടപ്പെട്ടതില്‍ ഞങ്ങള്‍ വിലപിക്കുന്നു. പരിക്കേറ്റ എല്ലാവരും വേഗത്തില്‍ സുഖം പ്രാപിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. ഭീകരതയ്‌ക്കെതിരെ യൂറോപ്യന്‍ യൂണിയന്‍ പാകിസ്ഥാനൊപ്പം നില്‍ക്കും. സമൂഹത്തില്‍ വിദ്വേഷത്തിനും തീവ്രവാദത്തിനും ഇടമില്ലെന്നും യൂറോപ്യന്‍ യൂണിയന്‍ അഭിപ്രായപ്പെട്ടു.