ഇസ്‌ലാമാബാദ്:പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് മുഹമ്മദ് നൂര്‍ മെസ്‌കന്‍സായ് വെടിയേറ്റ് മരിച്ചതായി പൊലീസ്. വെള്ളിയാഴ്‌ച(ഒക്‌ടോബര്‍ 14) ബലൂചിസ്ഥാന്‍ ഖരാന്‍ മേഖലയിലെ പള്ളിയില്‍ നിന്ന് പ്രാര്‍ഥന കഴിഞ്ഞ് പുറത്ത് ഇറങ്ങുമ്പോഴാണ് അജ്ഞാതരായ അക്രമി സംഘമെത്തി ഇദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തതെന്ന് ഖരാന്‍ പൊലീസ് സൂപ്രണ്ട് ആസിഫ് ഹലീം ഡോണ്‍ പറഞ്ഞു. വെടിയേറ്റ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
രാജ്യത്തെ സുരക്ഷാസ്ഥിതി അവതാളത്തിലാണ്. സംഭവത്തില്‍ അപലപിക്കുന്നുവെന്നും കൊലയാളികളെ അറസ്റ്റ് ചെയ്‌ത് ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും സൂപ്രണ്ട് അറിയിച്ചു. മുഹമ്മദ് നൂർ മെസ്‌കൻസായ്‌യുടെ സേവനങ്ങള്‍ അവിസ്‌മരണീയമായിരുന്നുവെന്ന് അനുശോചനം രേഖപ്പെടുത്തി കൊണ്ട് ബലൂചിസ്ഥാന്‍ മുഖ്യമന്ത്രി മിര്‍ അബ്‌ദുല്‍ ഖുദൂസ് ബിസെഞ്ചോ പറഞ്ഞു.