ഇസ്ലാമബാദ് : സാമ്പത്തിക പ്രതിസന്ധിയില്‍ വലഞ്ഞ് പാകിസ്ഥാന്‍. നിത്യോപയോഗ സാധനങ്ങള്‍ക്ക് ഉള്‍പ്പടെ ദിനംപ്രതി അനിയന്ത്രിതമായാണ് രാജ്യത്ത് വില ഉയരുന്നതെന്നാണ് റിപ്പോര്‍ട്ട്. 'ദ ഡോണ്‍' ദിനപത്രം പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച് നിലവില്‍ ഒരു ലിറ്റര്‍ പാലിന് 210 പാക് രൂപയും ചിക്കന് 700 രൂപയുമാണ് വില.
നിത്യോപയോഗ സാധനങ്ങളുടെ വില അനിയന്ത്രിതമായി കുതിച്ചുയരുന്ന സാഹചര്യത്തില്‍, പാകിസ്ഥാനില്‍ ഏറ്റവും ജനസാന്ദ്രത കൂടിയ നഗരമായ കറാച്ചിയില്‍ ജനങ്ങള്‍ ഏറെ ദുരിതത്തിലാണ്. രണ്ട് ദിവസത്തിനിടെയാണ് പാലിനും ചിക്കനുമുള്‍പ്പടെ 20 മുതല്‍ 100 രൂപ വരെ വീണ്ടും വില വര്‍ധിച്ചത്. കഴിഞ്ഞ ആഴ്‌ചയില്‍ പാലിന് 190 രൂപയും ചിക്കന് 600 രൂപയുമായിരുന്നു.
പ്രതിസന്ധിയില്‍ വലഞ്ഞ് പാകിസ്ഥാന്‍:യുഎസ് ഡോളറിനെതിരെ 275 എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് പാക് രൂപ കൂപ്പുകുത്തിയിരുന്നു. കൂടാതെ പണപ്പെരുപ്പം 27 ശതമാനമായി വര്‍ധിക്കുകയും ചെയ്‌തു. 1998 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് വിദേശനാണ്യ കരുതൽ ശേഖരവും വീണതോടെ ഒരുമാസത്തേക്കുള്ള സാധനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ പോലും സാധിക്കാത്ത സാഹചര്യമാണ് നിലവില്‍ പാകിസ്ഥാനിലുള്ളത്.
കൂടാതെ ജനുവരി 30ന് പെഷവാറിലുണ്ടായ ചാവേറാക്രമണവും രാജ്യത്തെ സ്ഥിതി മോശമാക്കി. അതേസമയം, രാജ്യത്തിന്‍റെ നിലവിലുള്ള അവസ്ഥയില്‍ നിന്നും കരകയറുന്നതിനായി അന്താരാഷ്‌ട്ര നാണയ നിധിയുമായി നടത്തിയ ചര്‍ച്ചകളൊന്നും ഇതുവരെ ഫലം കണ്ടിട്ടില്ല. അതേസമയം, തീവ്രവാദവും ചൈനയുമായുള്ള അടുപ്പവുമാണ് പാകിസ്ഥാനിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷപം തടഞ്ഞതെന്ന് യുഎസിലെ മുന്‍ പാകിസ്ഥാന്‍ അംബാസഡര്‍ ഹുസൈന്‍ ഹഖാനി ആരോപിച്ചിരുന്നു.