95th Academy Awards: ഒടുവിൽ ഓസ്‌കറിന്‍റെ സമയം എത്തിയിരിക്കുകയാണ്. 95-ാമത് ഓസ്‌കര്‍ അവാര്‍ഡ് ദാന ചടങ്ങിനായി ലോസ് ഏഞ്ചല്‍സ് ഒരുങ്ങിക്കഴിഞ്ഞു. ആ പ്രഖ്യാപനങ്ങള്‍ എത്താന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. നെഞ്ചിടിപ്പോടെ ഓസ്‌കര്‍ അവാര്‍ഡിനെ ഉറ്റുനോക്കുകയാണ് സിനിമ ലോകം. ആകാംഷയില്‍ സിനിമാസ്വാദകരും.
മാർച്ച് 12ന് രാത്രി എട്ട് മണിക്ക് (ഇന്ത്യയില്‍ മാര്‍ച്ച് 13ന് രാവിലെ 5.30ന്) ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിലാണ് 95-ാമത് അക്കാമദി അവാര്‍ഡ് പ്രഖ്യാപന ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കുക. ചടങ്ങിന് മുന്നോടിയായി ഒരു മണിക്കൂർ നീണ്ടു നിൽക്കുന്ന റെഡ് കാർപെറ്റ് ചടങ്ങ് നടക്കും. ഓസ്‌കര്‍ 2023 അവാര്‍ഡ് ചടങ്ങിന്‍റെ തത്സമയം മാര്‍ച്ച് 13ന് അതിരാവിലെ എബിസിയില്‍ സംപ്രേക്ഷണം ചെയ്യും.
ആരാണ് ഓസ്‌കർ അവതാരകന്‍? പീപ്പിൾ മാഗസിൻ പറയുന്നതനുസരിച്ച്, ജിമ്മി കിമ്മൽ ആണ് ഈ വർഷത്തെ ഓസ്‌കര്‍ അവാര്‍ഡ് ചടങ്ങിലെ അവതാരകന്‍. ഇത് മൂന്നാം തവണയാണ് ജിമ്മി കിമ്മല്‍ ഓസ്‌കറില്‍ അവതാരകനായി എത്തുന്നത്. ഇതിന് മുമ്പ് 2017ലും 2018ലുമാണ് ജിമ്മി കിമ്മല്‍ ഓസ്‌കര്‍ അവാര്‍ഡ് ചടങ്ങ് അവതരിപ്പിച്ചത്. ആമി ഷുമര്‍, വാന്‍ഡ സ്‌കൈസ്, റെജീന ഹാള്‍ എന്നിവരാണ് കഴിഞ്ഞ വര്‍ഷത്തെ ആതിഥേയര്‍.
ആരൊക്കെയാണ് ഓസ്‌കര്‍ സമ്മാനിക്കുക?2023ലെ ഓസ്‌കര്‍ അവാര്‍ഡിലൂടെ ബോളിവുഡ് താരം ദീപിക പദുക്കോണ്‍ രാജ്യത്തിന് അഭിമാനമാവുകയാണ്. ഇക്കുറി ഓസ്‌കര്‍ അവാര്‍ഡുകള്‍ സമ്മാനിക്കുന്നവരുടെ പട്ടികയില്‍ ദീപിക പദുക്കോണുമുണ്ട്. ഡ്വെയ്ൻ ജോൺസൺ, എമിലി ബ്ലണ്ട്, സോ സാൽഡാന, ഗ്ലെൻ ക്ലോസ്, സാമുവൽ എൽ ജാക്‌സൺ, മൈക്കൽ ബി ജോർദാൻ, ജെന്നിഫർ കോനെല്ലി, മെലിസ മെക്കാർത്തി, ജാനെല്ലെ മോനെ, അരിയാന ഡീബോസ്, റിസ് അഹമ്മദ്, ജൊനാത്തന്‍ മേജേഴ്‌സ്, ക്വസ്‌റ്റ്‌ലൗ, ഡോനി യെന്‍, ട്രോയ് കോട്‌സുര്‍ എന്നിവരാണ് ദീപികയെ കൂടാതെ ഇക്കുറി ഓസ്‌കര്‍ അവാര്‍ഡുകള്‍ നല്‍കുന്നവര്‍.