ലോസ് ആഞ്ചലസ് : 'ഇൻ മെമ്മോറിയം' വിഭാഗമില്ലാതെ ഓസ്‌കർ അവാർഡ് ദാനത്തിന്‍റെ ചടങ്ങുകൾ പൂർത്തിയാകാറില്ല. ലോകമെമ്പാടുമുള്ള വിട്ടുപിരിഞ്ഞ ചലച്ചിത്ര പ്രതിഭകളെ അനുസ്‌മരിക്കുന്നതും ആദരാഞ്ജലി അർപ്പിക്കുന്നതുമാണ് അക്കാഡമി അവാർഡിന്‍റെ ഇൻ മെമ്മോറിയം വിഭാഗം.
ഈ വർഷത്തെ ഇൻ മെമ്മോറിയം വിഭാഗം ആരംഭിച്ചത് 2022 ജനുവരി 6ന് അന്തരിച്ച ബഹാമിയൻ, അമേരിക്കൻ നടൻ സിഡ്‌നി പോയിറ്ററെ അനുസ്‌മരിച്ചുകൊണ്ടായിരുന്നു. വില്യം ഹർട്ട്, ഇവാൻ റീറ്റ്മാൻ, ബെറ്റി വൈറ്റ്, നെഡ് ബീറ്റി, സാലി കെല്ലർമാൻ, ഡീൻ സ്റ്റോക്ക്‌വെൽ, ഇതിഹാസ ചലച്ചിത്ര നിർമ്മാതാക്കളായ പീറ്റർ ബോഗ്‌ഡനോവിച്ച്, റിച്ചാർഡ് ഡോണർ എന്നിവരെയും ചടങ്ങില്‍ ഓര്‍മിച്ചു.
ആദരാഞ്ജലി നൽകിയവരിൽ ഹോളിവുഡ് താരങ്ങൾക്കൊപ്പം ഫ്രഞ്ച് താരം ജീൻ പോൾ ബെൽമോണ്ടോയെയും ചടങ്ങിൽ അനുസ്‌മരിച്ചു. എന്നാൽ അടുത്തിടെ അന്തരിച്ച ഇന്ത്യൻ ഇതിഹാസ താരങ്ങളായ ദിലീപ് കുമാറിനെയും ലത മങ്കേഷ്‌കറിനെയും അക്കാദമിയുടെ ഇൻ മെമ്മോറിയം ചടങ്ങിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇതിൽ രോഷാകുലരാണ് ഇരുവരുടെയും ആരാധകർ.
ബ്രിട്ടീഷ് അക്കാദമി ഫിലിം ആൻഡ് ടെലിവിഷൻ അവാർഡ്‌സ്(ബാഫ്റ്റ) ഈ മാസം ആദ്യം ആദ്യം ലത മങ്കേഷ്‌കറിനെയും ദിലീപ് കുമാറിനെയും ആദരിച്ചിരുന്നു. എന്നിട്ടും 94-ാമത് അക്കാദമി അവാർഡ്‌സിൽ ഈ പ്രതിഭകളെ പരിഗണിക്കാതിരുന്നതാണ് പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്.