ന്യൂഡൽഹി : ഓപ്പറേഷൻ അജയ് ദൗത്യത്തിന്‍റെ ഭാഗമായി ഇസ്രയേലിൽ നിന്നുള്ള രണ്ടാമത്തെ സംഘം ഡൽഹിയിലെത്തി (Operation Ajay 2nd Batch Arrived From Israel). 235 ഇന്ത്യക്കാരാണ് രണ്ടാം ബാച്ചിൽ ഡൽഹിയിലെത്തിയത്. പ്രാദേശിക സമയം രാത്രി 11.02നാണ് വിമാനം പറന്നുയർന്നത്. 235 ഇന്ത്യൻ പൗരന്മാരുമായി ടെൽ അവീവിൽ നിന്ന് ഫ്ലൈറ്റ് 2 പറന്നുയർന്നുവെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എക്‌സിൽ കുറിച്ചിരുന്നു (Second batch of 235 Indians from Israel arrived).
'235 ഇന്ത്യൻ പൗരന്മാരുമായി ഓപ്പറേഷൻ അജയ്‌യുടെ രണ്ടാമത്തെ വിമാനം ടെൽ അവീവിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ടു. വിമാനത്തിലുള്ള എല്ലാവർക്കും സുരക്ഷിതമായ യാത്ര ആശംസിക്കുന്നു'- ഇസ്രയേലിലെ ഇന്ത്യൻ എംബസിയും എക്‌സിൽ കുറിച്ചിരുന്നു.
വ്യാഴാഴ്‌ച 212 ഇന്ത്യക്കാരുമായി ആദ്യ വിമാനം ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലെത്തിയിരുന്നു. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ വിമാനത്താവളത്തിൽ യാത്രക്കാരെ സ്വീകരിച്ചു. ഒരാഴ്‌ച മുൻപ് ഇസ്രയേൽ - ഹമാസ് യുദ്ധം (Israel Palestine Conflict) രൂക്ഷമായ സാഹചാര്യത്തിൽ വിദ്യാർഥികൾ, നിരവധി ഐടി പ്രൊഫഷണലുകൾ, പരിചരണം നൽകുന്നവർ, വ്യാപാരികൾ ഉൾപ്പടെ 18,000 ഇന്ത്യക്കാരാണ് ഇസ്രയേലിൽ കുടുങ്ങിയത്.
Also read:First Charter Flight From Israel Reached Delhi: ഓപ്പറേഷൻ അജയ് : ആദ്യ ചാർട്ടേഡ് വിമാനം ഡൽഹിയിലെത്തി, തിരികെയെത്തിയത് 212 ഇന്ത്യക്കാർ
ഇവരെ നാട്ടിലെത്തിക്കാനായി കേന്ദ്ര സർക്കാർ ആരംഭിച്ച ദൗത്യമാണ് ഓപ്പറേഷൻ അജയ്. ഇതിന് പിന്നാലെ എയർ ഇന്ത്യയുടെ വാണിജ്യ പ്രവർത്തനങ്ങൾ നിർത്തിവച്ചു. തുടർന്ന് സർക്കാർ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ ചാർട്ടേഡ് ഫ്ലൈറ്റ് ക്രമീകരിക്കുകയായിരുന്നു. 'ആദ്യം വരുന്നവർക്ക് ആദ്യം സേവനം' എന്ന അടിസ്ഥാനത്തിലാണ് യാത്രക്കാരെ തെരഞ്ഞെടുത്തത്. തിരിച്ചുവരവിന്‍റെ ചെലവ് സർക്കാരാണ് വഹിക്കുന്നത്.
ഓപ്പറേഷൻ അജയ് :ഇസ്രയേൽ - ഹമാസ് യുദ്ധം (Israel Palestine Conflict) രൂക്ഷമായതോടെ വിദ്യാർഥികൾ ഉൾപ്പടെ 18,000 ഇന്ത്യക്കാർ ഇസ്രയേലിൽ കുടുങ്ങി. തുടർന്ന് ഇവരെ നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് ഓപ്പറേഷൻ അജയ്.ഒഴിപ്പിക്കലല്ല മറിച്ച്, സഹായമെത്തിക്കാനാണ് ഓപ്പറേഷൻ അജയ് നടപ്പാക്കുന്നത്.ഇസ്രയേലിൽ നിന്നും തിരിച്ച് നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് രജിസ്‌ട്രേഷൻ സൗകര്യം ഇന്ത്യൻ എംബസി ഒരുക്കി. ഏതെങ്കിലും രീതിയിലുള്ള പ്രശ്‌നം നേരിട്ടാൽ ഇവർക്ക് ഇന്ത്യൻ എംബസിയുടെ എമർജൻസി നമ്പറുകളിൽ അറിയിക്കാവുന്നതാണെന്നും അറിയിച്ചിട്ടുണ്ട്.
വെസ്‌റ്റ് ബാങ്കിലും ഗാസയിലുമുള്ള ഇന്ത്യക്കാരും ആവശ്യം പ്രകടിപ്പിച്ചാൽ ഇവരെയും നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്‌ചി വ്യക്തമാക്കിയിരുന്നു. നിലവിൽ വിമാനങ്ങളാണ് അയക്കുന്നതെങ്കിലും ആവശ്യമെങ്കിൽ നാവികസേനയുടെ കപ്പലുകളും അയക്കുമെന്ന് അധികൃതർ അറിയിച്ചു. ഇസ്രയേൽ - ഹമാസ് യുദ്ധം രൂക്ഷമായതോടെ ഇരുരാജ്യങ്ങളിലുമായി സൈനികരും സാധാരണക്കാരും ഉൾപ്പടെ 2000ത്തിലധികം പേർ കൊല്ലപ്പെട്ടു.