ഹൈദരാബാദ് : വണ്‍ പ്ലസ് തങ്ങളുടെ ആദ്യ ഫോൾഡബിൾ ഫോൺ (One Plus Foldable Smartphone) ഇന്ന് വിപണിയില്‍ അവതരിപ്പിക്കും. വൈകിട്ട് 7.30ന് നടക്കുന്ന 'ഓപ്പൺ ഫോർ എവരിവിങ്' എന്ന് പേരിട്ടിരിക്കുന്ന ഇവന്‍റിലാണ് പുതിയ മോഡൽ പുറത്തിറക്കുന്നത്. വൺ പ്ലസ് ഓപ്പൺ ലോഞ്ചിന്‍റെ തത്സമയ സ്‌ട്രീമിങ് കമ്പനിയുടെ യൂട്യൂബ് ചാനലിൽ ലഭ്യമാകും. വർഷങ്ങളായി സാംസങ് ആധിപത്യം പുലർത്തുന്ന ഫോൾഡബിൾ ഫോൺ ശ്രേണിയിലേക്കാണ് ചൈനീസ് ടെക് വമ്പൻമാരായ വൺ പ്ലസിന്‍റെ വരവ്.
ഓപ്പൺ ഇവന്‍റിന് മുമ്പായിത്തന്നെ പുതിയ സ്‌മാർട്ട് ഫോണിന്‍റെ പ്രത്യേകതകൾ വെളിപ്പെടുത്തിയ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു (OnePlus to unveil foldable smartphone). ഫോൾഡബിള്‍ സംവിധാനം കൂടുതൽ ഫലപ്രദമാക്കുന്നതിനായി പ്രീ ഇൻസ്റ്റാൾഡ് ആപ്പുകളുമായാണ് ഫോണ്‍ എത്തുന്നത്. എയറോസ്പേസ് ഗ്രേഡ് ബോഡിയായിരിക്കും, പക്ഷേ ഭാരക്കുറവായിരിക്കും സവിശേഷതയെന്നും കമ്പനി അവകാശപ്പെടുന്നു.
വൺ പ്ലസ് ഓപ്പണിന്‍റെ ക്യാമറ തന്നെയാണ് പ്രധാന സവിശേഷത. 48 എംപി പ്രധാന ക്യാമറ, 48 എംപി അൾട്ര വൈഡ് ക്യാമറ, 64 എംപി ടെലിഫോട്ടോ ക്യാമറ എന്നിവയെല്ലാം ഹാസൽബ്ലാഡ് സാങ്കേതികവിദ്യയിൽ (Hasselblad technology) പ്രവർത്തിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ടെലിഫോട്ടോ ഷോട്ടുകൾക്ക് സഹായകമായ പെരിസ്‌കോപ്പ് ലെൻസ് ഈ സജ്ജീകരണത്തിൽ ഉൾപ്പെട്ടേക്കാമെന്നതിന്‍റെ സൂചനകളും ഉണ്ട്.