ഗാസിയാന്‍ടെപ് (തുര്‍ക്കി): നഴ്‌സുമാരെ ഭൂമിയിലെ മാലാഖമാര്‍ എന്നാണ് വിശേഷിപ്പിക്കാറുളളത്. ഈ വിശേഷണം അന്വര്‍ഥമാക്കുന്ന കാഴ്‌ചയാണ് തുര്‍ക്കി ഗാസിയാന്‍ടെപിലെ ഒരു ആശുപത്രിയില്‍ നിന്ന് പുറത്തു വരുന്നത്. അപ്രതീക്ഷിതമായി ഭൂമി കുലുക്കം ഉണ്ടാകുമ്പോള്‍ ഓടി രക്ഷപ്പെടാനാണ് എല്ലാവരും ശ്രമിക്കുക. ആകസ്‌മികമായി ദുരന്തം ഉണ്ടാകുമ്പോള്‍ സ്വയം രക്ഷിക്കാന്‍ ശ്രമിക്കുക എന്നത് മനുഷ്യ സഹജമായ കാര്യമാണ്.
എന്നാല്‍ ഭൂമി കുലുക്കത്തില്‍ ആശുപത്രി കെട്ടിടം ഉലഞ്ഞപ്പോള്‍ നഴ്‌സുമാര്‍ ശിശു പരിചരണ വിഭാഗത്തിലുള്ള നവജാത ശിശുക്കള്‍ക്ക് അപകടം സംഭവിക്കാതിരിക്കാനുള്ള ശ്രമത്തിലായിരുന്നു. തങ്ങളുടെ പരിചരണത്തിലുള്ള കുഞ്ഞുങ്ങള്‍ താഴെ വീഴാതിരിക്കാന്‍ കുഞ്ഞുങ്ങളെ കിടത്തിയിരിക്കുന്ന യൂണിറ്റുകള്‍ ഇറുക്കി പിടിക്കുന്ന നഴ്‌സുമാരുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലായിട്ടുണ്ട്. തുര്‍ക്കിയിലെ രാഷ്‌ട്രീയ പ്രവര്‍ത്തക ഫാത്‌മ സാഹിന്‍ ആണ് ദൃശ്യം ട്വിറ്ററില്‍ പങ്കുവച്ചത്.
ഭൂമി കുലുക്കം ഉണ്ടായപ്പോള്‍ രണ്ട് നഴ്‌സുമാര്‍ ഐസിയുവിലേക്ക് ഓടുന്നതും ഇന്‍ക്വുബേറ്ററിലെ നവജാത ശിശുക്കള്‍ താഴെ വീഴാതിരിക്കാന്‍ നഴ്‌സുമാര്‍ ഇന്‍ക്വുബേറ്ററുകള്‍ മുറുക്കെ പിടിച്ച് നില്‍ക്കുന്നതും ദൃശ്യത്തില്‍ കാണാം. ഡെവ്‌ലറ്റ് നിസാം, ഗാസ്‌വല്‍ കാലിസ്‌കാന്‍ എന്നിവരാണ് ഈ മാലാഖമാര്‍. മനുഷ്യത്വം മരവിച്ചിട്ടില്ലാത്തതിന്‍റെ തെളിവാണ് ദുരന്ത ഭൂമിയില്‍ നിന്നുള്ള ഈ ദൃശ്യമെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം.
കെട്ടിടം ഇടിഞ്ഞ് വീഴാന്‍ സാധ്യതയുള്ള സാഹചര്യത്തിലും ആശുപത്രിയില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കാതെ കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കുന്ന രണ്ടു നഴ്‌സുമാരെയും അഭിനന്ദിക്കുകയാണ് നെറ്റിസണ്‍സ്. ഗാസിയാന്‍ടെപില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണ് റിപ്പോര്‍ട്ട് ചെയതത്.