അബുജ (നൈജീരിയ) : വടക്കൻ നൈജീരിയയിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന കുട്ടികളടക്കം 103 പേർ ബോട്ട് മറിഞ്ഞ് മരിച്ചു. തിങ്കളാഴ്‌ച പുലർച്ചെ ഇലോറിനിൽ നിന്ന് 160 കിലോമീറ്റർ അകലെ നൈജർ നദിയിലാണ് ബോട്ടപകടം ഉണ്ടായത്. ബോട്ടിൽ 300 ഓളം ആളുകൾ സഞ്ചരിച്ചിരുന്നതായാണ് വിവരം.
മരിച്ചവരിൽ ഭൂരിഭാഗവും ബന്ധുക്കൾ : ഇതിൽ 100 ഓളം പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായും മറ്റുള്ളവർക്കായി തെരച്ചിൽ പുരോഗമിക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥൻ ഒകാസൻമി അജയ് അറിയിച്ചു. മുങ്ങിമരിച്ചവരിൽ ഭൂരിഭാഗവും ബന്ധുക്കളാണ്. എല്ലാവരും ഒന്നിച്ച് നൈജറിലെ എഗ്ബോട്ടി ഗ്രാമത്തിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെയാണ് അപകടം ഉണ്ടായത്.
മോട്ടോർ സൈക്കിളിലാണ് അതിഥികൾ വിവാഹ ചടങ്ങിനെത്തിയത്. എന്നാൽ മഴയെത്തുടർന്ന് റോഡിൽ വെള്ളം കയറിയതിനാൽ പ്രാദേശികമായി നിർമിച്ച ബോട്ടിൽ തിരികെ മടങ്ങുകയായിരുന്നു. നദിയിൽ വച്ച് ബോട്ട് വലിയ മരത്തടിയിൽ തട്ടി രണ്ടായി പിളർന്നതാണ് അപകടത്തിന് കാരണമായത്. പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്.
അപകടമുണ്ടായപ്പോൾ സമീപത്തുള്ള ഗ്രാമാവാസികളാണ് ആദ്യം രക്ഷപ്രവർത്തനം നടത്തിയത്. നൈജീരിയയിലെ ഏറ്റവും വലിയ നദികളിലൊന്നാണ് നൈജർ. അതിനാൽ രക്ഷപ്രവർത്തനം ദുഷ്‌കരമായിരുന്നു. കാണാതായവർക്കായി ഇന്ന് രാത്രി വരെ തെരച്ചിൽ തുടരുമെന്നാണ് പൊലീസ് വൃത്തങ്ങൾ അറിയിച്ചത്.