സിയോൾ (ദക്ഷിണ കൊറിയ) :പതിറ്റാണ്ടുകൾക്ക് ശേഷം ദക്ഷിണ കൊറിയയിലേക്ക് ആണവ അന്തർ വാഹിനി വിന്യസിച്ച അമേരിക്കയുടെ നടപടിയിൽ പ്രതിഷേധിച്ച് കിഴക്കൻ കടലിലേക്ക് രണ്ട് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ തൊടുത്ത് വിട്ട് ഉത്തര കൊറിയ. ബുധനാഴ്‌ച പുലർച്ചെയാണ് ഉത്തര കൊറിയ മിസൈലുകൾ വിക്ഷേപിച്ചത്. ചൊവ്വാഴ്‌ച ഉച്ചതിരിഞ്ഞ് ദക്ഷിണ കൊറിയയിൽ നിന്ന് അതിർത്തി ലഘിച്ച് ഉത്തര കൊറിയയിലേക്ക് പ്രവേശിച്ച യുഎസ് സൈനികന്‍റെ മോചനം ഉറപ്പാക്കാൻ യുഎസിന്‍റെ നേതൃത്വത്തിലുള്ള കമാൻഡ് നടപടികൾ ശക്‌തമാക്കുന്നതിനിടെയാണ് ഉത്തര കൊറിയയുടെ പ്രതിഷേധം.
പുലർച്ചെ 3:30 നും 3:46 നും ഇടയിൽ ഉത്തര കൊറിയ തലസ്ഥാനമായ പ്യോങ്‌യാങ്ങിനടുത്തുള്ള പ്രദേശത്ത് നിന്ന് രണ്ട് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടതായി ദക്ഷിണ കൊറിയയുടെ ജോയിന്‍റ് ചീഫ് ഓഫ് സ്റ്റാഫ് പറഞ്ഞു. അത് കൊറിയൻ ഉപദ്വീപിന്‍റെ കിഴക്ക് ഭാഗത്ത് കടലിൽ പതിക്കുന്നതിന് മുൻപ് ഏകദേശം 550 കിലോമീറ്റർ (341മൈൽ) സഞ്ചരിച്ചു. എന്നാൽ മിസൈലുകൾ കപ്പലുകൾക്കോ വിമാനങ്ങൾക്കോ കേടുപാടുകൾ ഉണ്ടാക്കിയിട്ടില്ല.
അന്തർവാഹിനിയുമായി അമേരിക്ക : നേരത്തെ കൊറിയൻ ഉപദ്വീപിന് സമീപം ആണവ മിസൈൽ വഹിക്കുന്ന അന്തർ വാഹിനികൾ വിന്യസിക്കാനുള്ള അമേരിക്കൻ നീക്കത്തെ ഉത്തര കൊറിയ എതിർത്തിരുന്നു. അമേരിക്കയുടെ ഈ നീക്കം വിനാശകരമായ ആണവ സംഘർഷങ്ങൾക്ക് കാരണമാകും എന്നായിരുന്നു ഉത്തര കൊറിയയുടെ മുന്നറിയിപ്പ്. അമേരിക്കൻ ഇടപെടലുകൾ പരിധി കടന്നാൽ കൊറിയൻ ദ്വീപിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾക്ക് ഉത്തരവാദികൾ അമേരിക്ക ആയിരിക്കുമെന്നും ഉത്തര കൊറിയ മുന്നറിയിപ്പ് നൽകിയിരുന്നു.