സിയോള്‍ (ദക്ഷിണ കൊറിയ):വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി ഉത്തര കൊറിയ. ദക്ഷിണ കൊറിയയുടെ കിഴക്കന്‍ തീരത്തേക്ക് ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈല്‍ തൊടുത്തതായി ദക്ഷിണ കൊറിയയുടെ ജോയിന്‍റ് ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചു. അടുത്ത ആഴ്‌ചയില്‍ വാഷിങ്ടണില്‍ നടക്കാനിരിക്കുന്ന യുഎസ് ഉത്തര കൊറിയ സംയുക്ത പരിശീലനത്തിന്‍റെ ഭാഗമായാണ് ബാലിസ്‌റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയതെന്ന് ദക്ഷിണ കൊറിയ പറഞ്ഞു.
ഉത്തര കൊറിയ ഒരു മിസൈല്‍ കിഴക്കന്‍ കടലിലേക്ക് വിക്ഷേപിച്ചുവെന്ന് ദക്ഷിണ കൊറിയ ജോയിന്‍റ് ചീഫ് ഓഫ് സ്റ്റാഫ് (ജെസിഎസ്) പറഞ്ഞു. ബാലിസ്‌റ്റിക് മിസൈലാണ് ഉത്തര കൊറിയ വിക്ഷേപിച്ചതെന്ന് ജപ്പാന്‍റെ കോസ്റ്റ് ഗാര്‍ഡും പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.
ഉത്തര കൊറിയ ആസൂത്രിത സൈനിക അഭ്യാസങ്ങള്‍ പ്രഖ്യാപിച്ചതിന് ശേഷം ദക്ഷിണ കൊറിയയ്‌ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു. ഉത്തര കൊറിയയുടെ ഈ ഭീഷണിയ്‌ക്ക് പിന്നാലെയാണ് ദക്ഷിണ കൊറിയയിലേക്കുളള മിസൈല്‍ വിക്ഷേപണം. വടക്കന്‍ പ്യോംഗാന്‍ പ്രവിശ്യയിലെ ടോങ്ചാങ്-ആര്‍ഐ മേഖലയില്‍ നിന്ന് രാവിലെ 11.13 നും 12.05 നും ഇടയിലാണ് വിക്ഷേപണമുണ്ടായതെന്ന് ജെസിഎസ് അറിയിച്ചു.
ഉത്തര കൊറിയയില്‍ നിന്ന് തൊടുത്ത മിസൈലുകള്‍ 500 കിലോമീറ്ററുകള്‍ താണ്ടി കിഴക്കന്‍ ജപ്പാന്‍ കടലില്‍ പതിക്കുകയായിരുന്നെന്ന് ജെസിഎസ് പറഞ്ഞു. ഉത്തര കൊറിയയുടെ സമീപകാല മിസൈൽ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിശദാംശങ്ങൾക്കായി ദക്ഷിണ കൊറിയയുടെയും അമേരിക്കയുടെയും രഹസ്യാന്വേഷണ അതോറിറ്റികൾ വിശകലനം നടത്തി വരികയാണെന്ന് ജെസിഎസ് പറഞ്ഞു.