സ്റ്റോക്ക് ഹോം: സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു. ബെലാറസ് മനുഷ്യാവകാശ പ്രവർത്തകനായ അലസ് ബിയാലിയാറ്റ്സ്‌കിക്കും റഷ്യൻ മനുഷ്യാവകാശ സംഘടന മെമ്മോറിയലിനും ഉക്രേനിയൻ മനുഷ്യാവകാശ സംഘടന സെന്‍റർ ഫോർ സിവിൽ ലിബർട്ടീസിനുമാണ് ഇത്തവണത്തെ സമാധാന നൊബേല്‍. ഒരു വ്യക്തിക്കും രണ്ട് സംഘടനകൾക്കുമായി പ്രഖ്യാപിച്ച സമാധാന നൊബേല്‍ സമ്മാനം പൂർണമായും മനുഷ്യാവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം നല്‍കിയവർക്കാണ് സമ്മാനിക്കുന്നത്.
അധികാരത്തെ വിമർശിക്കാനും പൗരന്‍റെ മൗലികാവകാശങ്ങൾ സംരക്ഷിക്കാനും ഇവർ നൽകിയ പ്രോത്സാഹനം പരിഗണിച്ചാണ് പുരസ്‌കാരം നൽകിയതെന്ന് സ്വീഡിഷ് അക്കാദമി വിലയിരുത്തി. റഷ്യയുടെ യുദ്ധക്കുറ്റങ്ങൾ പുറത്തുകൊണ്ടുവന്ന സംഘടനകൾക്കും ഭരണകൂട വിമർശകനുമാണ് ഇത്തവണത്തെ സമാധാന നൊബേല്‍ എന്നതും ശ്രദ്ധേയമാണ്. എന്നാല്‍ സമാധാന നൊബേല്‍ പുരസ്‌കാര പ്രഖ്യാപനം ആർക്കും എതിരല്ലെന്ന് നൊബേല്‍ സമിതി അഭിപ്രായപ്പെട്ടു.