സ്‌റ്റോക്ക് ഹോം: ഈ വർഷത്തെ വൈദ്യശാസ്ത്ര നോബേൽ സമ്മാനം പ്രഖ്യാപിച്ചു. മനുഷ്യ പരിണാമത്തെക്കുറിച്ചുള്ള കണ്ടുപിടിത്തങ്ങൾക്ക് സ്വീഡിഷ് ശാസ്ത്രജ്ഞനായ സ്വാന്‍റേ പാബൂവിനാണ് പുരസ്‌കാരം ലഭിച്ചത്. തിങ്കളാഴ്‌ച സ്വീഡനിലെ സ്റ്റോക്ക്‌ഹോമിലെ കരോലിൻസ്‌ക ഇൻസ്റ്റിറ്റ്യൂട്ടിൽ നൊബേൽ കമ്മിറ്റി സെക്രട്ടറി തോമസ് പേൾമാനാണ് ജേതാവിനെ പ്രഖ്യാപിച്ചത്.
വൈദ്യശാസ്ത്ര നൊബേൽ സമ്മാനം സ്വീഡിഷ് ശാസ്‌ത്രജ്‌ഞൻ സ്വാന്‍റേ പാബൂവിന് - പ്രധാന വാർത്തകൾ
മനുഷ്യപരിണാമത്തെക്കുറിച്ചുള്ള കണ്ടുപിടിത്തങ്ങൾക്കാണ് നൊബേൽ സമ്മാനം നൽകിയത്
ആധുനിക മനുഷ്യരുടേയും വംശനാശം സംഭവിച്ച നിയാണ്ടർത്തലുകളുടെയും ഡെനിസോവന്മാരുടെയും ജനിതകഘടനയെ താരതമ്യം ചെയ്‌തുകൊണ്ടുള്ളതാണ് പാബൂവിന്‍റെ ഗവേഷണം. വൈദ്യശാസ്‌ത്രത്തിലെ അവാർഡ് ജേതാവിനെ പ്രഖ്യാപിച്ചതോടെ ഒരാഴ്‌ച നീണ്ടു നിൽക്കുന്ന ഈ വർഷത്തെ നോബേൽ സീസണിന് തുടക്കമായി.
ഒക്‌ടോബര്‍ നാലിന് ഭൗതികശാസ്‌ത്രം, അഞ്ചിന് രസതന്ത്രം, ആറിന് സാഹിത്യം, ഏഴിന് സമാധാനം, പത്തിന് സാമ്പത്തിക ശാസ്‌ത്രം എന്നീ മേഖലകളിലെ നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിക്കും. 10 മില്യൺ സ്വീഡിഷ് ക്രോണർ (ഏതാണ്ട് 900,000 ഡോളർ) വരുന്ന ക്യാഷ് അവാർഡ് ഡിസംബർ 10 ന് സമ്മാനിക്കും.