സ്റ്റോക്ക് ഹോം:സാമ്പത്തിക ശാസ്ത്രത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു. ബെൻ എസ്. ബെർണാൻകെ, ഡഗ്ലസ് ഡബ്ല്യു. ഡയമണ്ട്, ഫിലിപ്പ് എച്ച്. ഡൈബ്വിഗ് എന്നീ അമേരിക്കൻ സാമ്പത്തിക വിദഗ്‌ധർക്കാണ് പുരസ്‌കാരം. ബാങ്കുകളേയും സാമ്പത്തിക പ്രതിസന്ധികളെയും കുറിച്ചുള്ള ഗവേഷണങ്ങളാണ് മൂവരെയും ഈ വർഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരത്തിന് അർഹരാക്കിയതെന്ന് റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് അറിയിച്ചു.
സമ്പദ് വ്യവസ്ഥയിൽ ബാങ്കുകളുടെ പങ്കിനെ കുറിച്ചും സാമ്പത്തിക പ്രതിസന്ധി സാഹചര്യങ്ങളിൽ സാമ്പത്തിക വിപണിയെ എങ്ങനെ നിയന്ത്രിക്കാം എന്നതിനെ കുറിച്ചുമുള്ള ധാരണ ബെൻ ബെർനാങ്കെ, ഡഗ്ലസ് ഡയമണ്ട്, ഫിലിപ്പ് ഡൈബ്‌വിഗ് എന്നിവർ മെച്ചപ്പെടുത്തിയെന്ന് നൊബേൽ പാനൽ അറിയിച്ചു. ബാങ്ക് തകർച്ച ഒഴിവാക്കേണ്ടതിന്‍റെ പ്രാധാന്യം അവരുടെ ഗവേഷണം തെളിയിച്ചു.
പുരസ്‌കാരം ബാങ്കുകളുടെ പ്രാധാന്യം വ്യക്തമാക്കുന്ന ഗവേഷണങ്ങൾക്ക്: ബാങ്കുകൾ എങ്ങനെയാണ് സാമൂഹിക പ്രാധാന്യമുള്ള പ്രവർത്തനം നിർവഹിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഡയമണ്ടിന്‍റെ ഗവേഷണം. നിക്ഷേപകരും വായ്‌പ എടുക്കുന്നവരും തമ്മിലുള്ള ഇടനിലക്കാർ എന്ന നിലയിൽ ബാങ്കുകൾ വായ്‌പ എടുക്കുന്നവരുടെ ക്രെഡിറ്റ് യോഗ്യത വിലയിരുത്തുകയും വായ്‌പകൾ നല്ല നിക്ഷേപങ്ങൾക്കായി ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.
ബാങ്കുകളുടെ സാമ്പത്തിക പ്രതിസന്ധിക്ക് ഗവൺമെന്‍റിൽ നിന്നുള്ള ഡെപ്പോസിറ്റ് ഇൻഷുറൻസ് എന്ന മാർഗം ഡയമണ്ടും ഡൈബ്‌വിഗും ചേർന്ന് നിർദേശിച്ചു. നിക്ഷേപകരുടെ പണത്തിന് സർക്കാർ ഗ്യാരന്‍റി നൽകിയിട്ടുണ്ടെന്ന് അറിയുമ്പോൾ ബാങ്ക് തകർച്ചയെ കുറിച്ചുള്ള വാർത്തകൾ കേട്ടാലുടൻ നിക്ഷേപകർ ബാങ്കിലേക്ക് പോകില്ലെന്ന് ഇരുവരും ഗവേഷണത്തിലൂടെ തെളിയിച്ചു. എന്തുകൊണ്ടാണ് ബാങ്കുകൾ നിലനിൽക്കുന്നത്, ബാങ്കുകളുടെ തകർച്ചയെ സംബന്ധിച്ച കിംവദന്തികൾ സമൂഹത്തിലുള്ള പങ്ക്, സമൂഹത്തിന് ബാങ്ക് തകർച്ച എങ്ങനെ കുറയ്ക്കാനാകും എന്നിവ വിശദീകരിക്കുന്ന സൈദ്ധാന്തിക മാതൃകകൾ ഇരുവരും വികസിപ്പിച്ചുവെന്നും നൊബേൽ പാനൽ നിരീക്ഷിച്ചു.
സാമ്പത്തിക പ്രതിസന്ധികളിലെ ബാങ്കിന്‍റെ പ്രവർത്തനം: മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ (ജിഡിപി) ഏതൊക്കെ ഘടകങ്ങളാണ് പ്രധാനമെന്ന് ചരിത്രപരമായ സ്രോതസ്സുകളും കണക്കുകളും ഉപയോഗിച്ച് ബെൻ എസ്. ബെർണാൻകെ വിശദീകരിച്ചു. തകരുന്ന ബാങ്കുകളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന ഘടകങ്ങൾ അദ്ദേഹം പഠനങ്ങളിലൂടെ കണ്ടെത്തി. ആധുനിക ചരിത്രത്തിലെ ഏറ്റവും മോശം സാമ്പത്തിക പ്രതിസന്ധിയായ 1930കളിലെ ഗ്രേറ്റ് ഡിപ്രഷന്‍ ബെൻ ബെർനാങ്കെ വിശകലനം ചെയ്‌തു. കടുത്തതും വളരെക്കാലം നീണ്ടുനിൽക്കുന്നതുമായ സാമ്പത്തിക പ്രതിസന്ധികളിൽ ബാങ്ക് തകർച്ച എങ്ങനെയാണ് നിർണായക ഘടകമാകുന്നത് എന്ന് അദ്ദേഹം കാട്ടിത്തന്നു.
ഈ വർഷത്തെ സാമ്പത്തിക ശാസ്ത്ര നൊബേൽ ജേതാക്കൾ അവതരിപ്പിച്ച ഗവേഷണം ഗുരുതര സാമ്പത്തിക മാന്ദ്യമായി വികസിച്ചേക്കാവുന്ന സാമ്പത്തിക പ്രതിസന്ധികൾ മൂലം സമൂഹത്തിന് ഉണ്ടാകുന്ന അപകടസാധ്യതകൾ കുറയ്ക്കുന്നതാണ്. ഇത് നമുക്കെല്ലാവർക്കും വലിയ നേട്ടമാണ്. ബാങ്കുകൾ, ബാങ്ക് നിയന്ത്രണം, ബാങ്കിങ് പ്രതിസന്ധികൾ, സാമ്പത്തിക പ്രതിസന്ധികൾ എന്നിവ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെ കുറിച്ചുള് തുടർന്നുള്ള ഗവേഷണങ്ങളിൽ ഇവരുടെ ഗവേഷണം നിർണായകമാണെന്നും പാനൽ വ്യക്തമാക്കി.
10 മില്യൺ സ്വീഡിഷ് ക്രോണർ (ഏതാണ്ട് 900,000 ഡോളർ) വരുന്ന ക്യാഷ് അവാർഡ് ഡിസംബർ 10ന് സമ്മാനിക്കും. മറ്റ് നൊബേൽ പുരസ്‌കാരങ്ങളിൽ നിന്ന് വ്യത്യസ്‌തമായി സാമ്പത്തിക ശാസ്‌ത്ര പുരസ്‌കാരം 1895ലെ ആൽഫ്രഡ് നൊബേലിന്‍റെ വിൽപത്രത്തിൽ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്‍റെ സ്‌മരണയ്ക്കായി സ്വീഡിഷ് സെൻട്രൽ ബാങ്കാണ് സാമ്പത്തിക ശാസ്ത്രത്തിന് നൊബേൽ പുരസ്‌കാരം ആരംഭിച്ചത്. 1969ലാണ് ആദ്യമായി സാമ്പത്തിക ശാസ്ത്രത്തിന് നൊബേൽ പുരസ്‌കാരം നൽകുന്നത്.
ഡേവിഡ് കാർഡ്, ജോഷ്വ ആൻഗ്രിസ്റ്റ്, ഗൈഡോ ഇംബെൻസ് എന്നിവരാണ് കഴിഞ്ഞ വർഷത്തെ വിജയികൾ. മിനിമം വേതനം, കുടിയേറ്റം, വിദ്യാഭ്യാസം എന്നിവ തൊഴിൽ വിപണിയെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഗവേഷണത്തിനായിരുന്നു ഡേവിഡ് കാർഡ് പുരസ്‌കാരം നേടിയത്. പരമ്പരാഗത ശാസ്ത്രീയ രീതികൾക്ക് അനുയോജ്യമല്ലാത്ത പ്രശ്നങ്ങൾ എങ്ങനെ പഠിക്കാമെന്ന് നിർദ്ദേശിച്ചതിന് ജോഷ്വ ആൻഗ്രിസ്റ്റും ഗൈഡോ ഇംബെൻസും പുരസ്‌കാരം സ്വന്തമാക്കി.