ലോസ് ഏഞ്ചൽസ്: അമേരിക്കയിലെ മൊണ്ടേറി പാർക്കിലെ ബോൾറൂം ഡാൻസ് ക്ലബിൽ നടന്ന കൂട്ടവെടിവയ്‌പ്പിൽ 10 പേർ കൊല്ലപ്പെട്ടു. 10 പേർക്ക് പരിക്കേറ്റു. ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത ചൈനീസ് പുതുവത്സര ആഘോഷത്തിനിടെ ശനിയാഴ്‌ച പ്രാദേശിക സമയം 10 മണിയോടെയാണ് വെടിവയ്‌പ്പ് നടന്നത്.
ലോസ് ഏഞ്ചൽസിൽ ഡാൻസ് ക്ലബിൽ കൂട്ടവെടിവയ്‌പ്പ്; 10 മരണം, 10 പേർക്ക് പരിക്ക് - Los Angeles
പതിനായിരത്തിനടുത്ത് ആളുകൾ പങ്കെടുത്ത ചൈനീസ് പുതുവത്സര ആഘോഷത്തിനിടെയാണ് കൂട്ടവെടിവയ്‌പ്പ് നടന്നത്

യന്ത്രത്തോക്കുമായി വന്ന ഒരു പുരുഷൻ വിവേചനരഹിതമായി ആളുകൾക്കിടയിലേയ്‌ക്ക് വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞതായി പൊലീസ് അറിയിച്ചു. വെടിവയ്‌പ്പ് നടത്താനുണ്ടായ കാരണം വ്യക്തമല്ല. ലോസ് ഏഞ്ചൽസ് നഗരമധ്യത്തിൽ നിന്ന് ഏകദേശം 10 മൈൽ അകലെ ഏകദേശം 60,000 ആളുകളുള്ള ഒരു നഗരമാണ് മോണ്ടേറി പാർക്ക്.
ദക്ഷിണ കാലിഫോർണിയയിലെ ഏറ്റവും വലിയ പുതുവത്സര പരിപാടികളിലൊന്നായ രണ്ട് ദിവസത്തെ ഉത്സവത്തിന്‍റെ തുടക്കമായിരുന്നു ശനിയാഴ്‌ച നടന്നത്. ടെക്‌സസിലെ ഉവാൾഡെയിലെ ഒരു സ്‌കൂളിൽ 21 പേർ കൊല്ലപ്പെട്ടതിന് ശേഷമുള്ള ഏറ്റവും വലിയ കൂട്ടവെടിവയ്‌പ്പാണ് ഇന്നലെ നടന്നത്. രണ്ട് മാസം മുൻപ് കൊളറാഡോ സ്‌പ്രിംഗ്‌സ് നിശാക്ലബിൽ നടന്ന വെടിവയ്‌പ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു.