കോട്ടയം : ന്യൂസിലൻഡിലെ ആദ്യ മലയാളി വനിത പൊലീസ് ഓഫീസറായി പാലാക്കാരി അലീന അഭിലാഷ് നിയമിതയായി. റോയൽ ന്യൂസിലൻഡ് പൊലീസ് കോളജിലെ പരിശീലനം പൂർത്തിയാക്കിയ അലീനയുടെ ഗ്രാജുവേഷൻ ചടങ്ങ് ഇന്നലെ വെല്ലിംഗ്‌ടണിൽ നടന്നു. കോൺസ്റ്റബിൾ റാങ്കിലുള്ള ആദ്യ നിയമനം ഓക്‌ലൻഡിലാണ്.
ന്യൂസിലൻഡിലെ ആദ്യ മലയാളി വനിത പൊലീസ് ഓഫീസറായി പാലാക്കാരി അലീന അഭിലാഷ്
റോയൽ ന്യൂസിലൻഡ് പൊലീസ് കോളജിലാണ് അലീന പരിശീലനം പൂർത്തിയാക്കിയത്
ന്യൂസിലൻഡ് പൊലീസിൽ ഓഫീസർ തസ്‌തിക ആരംഭിക്കുന്നത് കോൺസ്റ്റബിൾ റാങ്കിലാണ്. പാമർസ്റ്റൺ നോർത്തിൽ സ്ഥിരതാമസമാക്കിയ ഉള്ളനാട് പുളിക്കൽ അഭിലാഷ് സെബാസ്റ്റ്യൻ്റെയും പിഴക് പുറവക്കാട്ട് ബോബിയുടെയും മകളാണ് 22കാരിയായ അലീന. ഒട്ടാഗോ യൂണിവേഴ്‌സിറ്റിയിൽ സൈക്കോളജിയും ക്രിമിനോളജിയും പഠിച്ച ശേഷമാണ് അലീന പൊലീസിൽ ചേർന്നത്.
ആറാം ക്ലാസ് വരെ പാലാ ചാവറ പബ്ളിക് സ്‌കൂളിൽ പഠിച്ച ശേഷം മാതാപിതാക്കൾക്കൊപ്പം ന്യൂസിലൻഡിലേക്ക് കുടിയേറുകയായിരുന്നു. സമൂഹത്തോടുള്ള പ്രതിബന്ധതയും സഹായം ആവശ്യമുള്ളവരെ കണ്ടെത്തി സഹായിക്കാനും വേണ്ടിയാണ് പൊലീസിൽ ചേരാൻ തീരുമാനിച്ചതിനു പിന്നിലെന്ന് അലീന പറഞ്ഞു. വിക്ടോറിയ കോളജിൽ ഒന്നാം വർഷ നിയമ വിദ്യാർഥിയായ ആൽബി അഭിലാഷാണ് സഹോദരൻ.