വെല്ലിങ്ടണ്‍ (ന്യൂസിലാന്‍ഡ്) : സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന് പകരക്കാരനാകാനൊരുങ്ങി ക്രിസ് ഹിപ്‌കിന്‍സ്. കാലാവധി തീരാൻ പത്ത് മാസം ശേഷിക്കെ കഴിഞ്ഞ ദിവസം അപ്രതീക്ഷിത രാജി പ്രഖ്യാപനം നടത്തിയ പ്രധാനമന്ത്രി ജസീന്ത ആർഡേന് പകരം മന്ത്രി ക്രിസ് ഹിപ്‌കിന്‍സിനെ പരിഗണിക്കുന്ന കാര്യം ലേബര്‍ പാര്‍ട്ടി പ്രസ്‌താവനയിലൂടെയാണ് അറിയിച്ചത്. ഹിപ്‌കിന്‍സ് മാത്രമാണ് ആ സ്ഥാനത്തേക്കുള്ള പാര്‍ട്ടിയുടെ അനന്തരാവകാശിയെന്നും അദ്ദേഹത്തെ നാമനിര്‍ദേശം ചെയ്യുന്നതിനും അംഗീകരിക്കുന്നതിനുമായി ലേബര്‍ പാര്‍ട്ടി ഞായറാഴ്‌ച ഉച്ചയ്ക്ക് ഒരുമണിക്ക് യോഗം ചേരുമെന്നും മുതിര്‍ന്ന നേതാവ് വിപ് ഡങ്കന്‍ വൈബിനെ ഉദ്ധരിച്ച് ന്യൂസിലാന്‍ഡ് പബ്ലിക് ബ്രോഡ്‌കാസ്‌റ്ററായ ആര്‍എന്‍ഇസഡ് റിപ്പോര്‍ട്ട് ചെയ്‌തു.
ആരാണ് ഹിപ്‌കിന്‍സ് :2008 ല്‍ ന്യൂസിലാന്‍ഡ് പാര്‍ലമെന്‍റിലേക്ക് കടന്നുവന്ന ഹിപ്‌കിന്‍സ് 2020 നവംബറില്‍ കൊവിഡ് മഹാമാരിക്കാലത്താണ് ആദ്യമായി മന്ത്രിയാകുന്നത്. കൊവിഡ് പ്രതിരോധത്തിന് നേതൃത്വം നല്‍കുന്ന മന്ത്രിയാകാനായിരുന്നു അന്ന് ഹിപ്‌കിന്‍സിന്‍റെ നിയോഗം. മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ ലോകത്തിന് തന്നെ മാതൃകയായി ന്യൂസിലാന്‍ഡിനെ എത്തിക്കുന്നതില്‍ അദ്ദേഹം ചുക്കാന്‍ പിടിച്ചു. നിലവില്‍ മന്ത്രിസഭയില്‍ പൊലീസ്, വിദ്യാഭ്യാസം, സര്‍ക്കാര്‍ സേവനം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ്.
രാജി 'സമയം തെറ്റിയോ': എന്നാല്‍ ജസീന്ത ആര്‍ഡേന്‍റെ അപ്രതീക്ഷിത രാജിപ്രഖ്യാപനം ഞെട്ടലോടെയാണ് ലേബര്‍ പാര്‍ട്ടിയും രാജ്യവും കേട്ടത്. അധികാരക്കസേരയില്‍ അഞ്ചര വര്‍ഷം എത്തിനില്‍ക്കെയാണ് ജസീന്ത രാജിക്കൊരുങ്ങുന്നത്. അതേസമയം പ്രധാനമന്ത്രിയുടെ ജോലി എന്നത് വിശ്വസിച്ചും മനസിലാക്കിയും ഏറ്റെടുത്തതാണെന്നും എന്നാല്‍ അതിനോട് നീതിപുലര്‍ത്താനായില്ല എന്ന തിരിച്ചറിവുമാണ് കളംവിടാന്‍ പ്രേരിപ്പിച്ചത് എന്നാണ് ജസീന്ത മാധ്യമങ്ങള്‍ക്ക് മുന്നില്‍വച്ച വിശദീകരണം.
രാജി മനുഷ്യനായതുകൊണ്ട് :തന്‍റെ സർക്കാർ ഒരുപാട് നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെന്നും ലേബർ പാർട്ടിക്ക് അടുത്ത തെരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നതായും ജസീന്ത കഴിഞ്ഞദിവസം മാധ്യമങ്ങള്‍ക്ക് മുന്നില്‍ മനസ് തുറന്നിരുന്നു. തന്‍റെ രാജിക്ക് പ്രത്യേക കാരണമോ കാഴ്‌ചപ്പാടോ ഉണ്ടോയെന്ന് ചോദിച്ചാല്‍ താന്‍ 'ഒരു മനുഷ്യനായത് കൊണ്ട്' എന്നുമാത്രമേ പ്രതികരിക്കാനുള്ളൂവെന്നും അവര്‍ അഭിപ്രായപ്പെട്ടിരുന്നു. അടുത്ത വര്‍ഷം സ്‌കൂള്‍ തുറക്കുമ്പോള്‍ നിന്നെ നോക്കാന്‍ അമ്മ കൂടെക്കാണുമെന്ന് മകളോടും, ഒടുവില്‍ നമ്മള്‍ വിവാഹിതരായിരിക്കുന്നുവെന്ന് പങ്കാളി ക്ലാര്‍ക്കിനോടും ഉറപ്പുനല്‍കിക്കൊണ്ടായിരുന്നു ജസീന്ത പ്രസംഗം അവസാനിപ്പിച്ചത്.
മുന്നില്‍ കടമ്പകള്‍ ഏറെ : അതേസമയം പാര്‍ട്ടി നേതൃത്വത്തിലേക്കും പ്രധാനമന്ത്രിപദത്തിലേക്കുമുള്ള നാമനിര്‍ദേശങ്ങള്‍ ന്യൂസിലാന്‍ഡ് പ്രാദേശിക സമയം രാവിലെ ഒമ്പത് മണിയോടെയാണ് ലഭിച്ചതെന്നാണ് ആര്‍എന്‍ഇസഡ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. എന്നാല്‍ ഇതിന് അംഗീകാരം ലഭിക്കണമെങ്കില്‍ പാര്‍ട്ടി ഉന്നതസമിതിയില്‍ ചുരുങ്ങിയത് 10 ശതമാനം ആളുകളുടെ പിന്തുണ ആവശ്യമുണ്ട്. അതായത് ഹിപ്‌കിന്‍സ് ഒഴികെ ഏഴ് എംപിമാരുടെ പിന്തുണയുണ്ടെങ്കില്‍ മാത്രമേ നിലവില്‍ അത് സാധ്യമാവുകയുള്ളൂവെന്നും ആര്‍എന്‍ഇസഡ് റിപ്പോര്‍ട്ടിലുണ്ട്.