ന്യൂയോർക്ക്: ചന്ദ്രനിലേക്കുള്ള നാസയുടെ പുതിയ ദൗത്യമായ ആർട്ടിമിസ് 1 (ന്യൂ മൂൺ റോക്കറ്റ്) ശനിയാഴ്‌ച (03.09.22) വീണ്ടും വിക്ഷേപിക്കാൻ ശ്രമം. എഞ്ചിൻ തകരാറിനെ തുടർന്ന് ഈ ആഴ്‌ചയിലെ ആദ്യ കൗണ്ട്ഡൗൺ നിർത്തി വച്ചിരുന്നു. തിങ്കളാഴ്‌ചത്തെ വിക്ഷേപണ ശ്രമത്തിനിടെ, റോക്കറ്റിന്‍റെ നാല് പ്രധാന എഞ്ചിനുകളിൽ ഒന്ന് ലിഫ്റ്റ്ഓഫിന് മുമ്പ് വേണ്ടത്ര തണുപ്പിക്കാൻ കഴിയാതിരുന്നതാണ് വിക്ഷേപണ ശ്രമം ഉപേക്ഷിക്കാൻ കാരണം.
ഇന്ധനം നിറക്കുന്ന സമയത്ത് ഇന്ധന ചോർച്ച ശ്രദ്ധയിൽപ്പെട്ടു. എന്നാൽ അടുത്ത ശ്രമം പാളാതിരിക്കാൻ ഇന്ധനം നിറയ്ക്കുന്ന മുറയ്ക്ക് ശനിയാഴ്‌ച ഉച്ചതിരിഞ്ഞ് അര മണിക്കൂർ നേരത്തേക്ക് ശീതീകരണ പ്രവർത്തനം നടത്തുമെന്ന് അധികൃതർ അറിയിച്ചു. തകരാറുകൾ പരിഹരിച്ച് ആർട്ടമിസ് 1വീണ്ടും ചന്ദനിലേക്ക് എത്തിക്കാനുള്ള നീക്കത്തിലാണ് നാസ.
ഫ്ലോറിഡയിലെ കേപ് കാനവറലിൽ നിന്നാണ് ന്യൂ മൂൺ റോക്കറ്റ് വിക്ഷേപിക്കുന്നത്. 1960 കളിലും 70 കളിലും ബഹിരാകാശയാത്രികരെ ചന്ദ്രനിലേക്ക് കൊണ്ടുപോയ അപ്പോളോയുടെ സിസ്റ്റത്തേക്കാൾ ശക്തവും ബഹിരാകാശത്തേക്ക് പറന്നതിൽ വെച്ച് ഏറ്റവും ശക്തവുമായ റോക്കറ്റ് എഞ്ചിനായിരിക്കും ഇത്. 322 അടി സ്‌പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റാണ് നാസ ഇതുവരെ നിർമ്മിച്ചതിൽ ഏറ്റവും ശക്തമായത്.
ഈ ദൗത്യം വിജയിച്ചാൽ 2024 ഓടെ ബഹിരാകാശ യാത്രികർക്ക് വീണ്ടും ചന്ദ്രനിലേക്ക് യാത്ര തുടരാം. ആറാഴ്‌ചയാണ് ആർട്ടിമിസ് 1 യാത്ര പൂർത്തീകരിക്കാൻ എടുക്കുന്ന സമയം. പരീക്ഷണ പറക്കൽ എന്ന നിലയിൽ മനുഷ്യനു പകരം പാവകളെ ഇരുത്തിയാണ് നാസ ഈ ദൗത്യം നിരീക്ഷിക്കുന്നത്. ഗ്രീക്ക് പുരാണത്തിലെ അപ്പോളോയുടെ ഇരട്ട സഹോദരിയുടെ പേരിലുള്ള നാസയുടെ ആർട്ടിമിസ് ചാന്ദ്ര പര്യവേക്ഷണ പരിപാടിയിലെ ഈ പരീക്ഷണ പറക്കലിന്‍റെ ആകെ ചിലവ് 4.1 ബില്ല്യൺ ഡോളറാണ്.