ഹൈദരാബാദ് : 2022ലെ 71ാമത് മിസ് യൂണിവേഴ്‌സ് കിരീടം ചൂടിയത് അമേരിക്കന്‍ സുന്ദരി മിസ് ബോണി ഗബ്രിയേല്‍ ആണെങ്കിലും സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ താരമായിരിക്കുന്നത് നേപ്പാളില്‍ നിന്നുമുള്ള മത്സരാര്‍ഥി സോഫിയ ഭുജേലാണ്. നാഷണല്‍ കോസ്‌റ്റ്യൂം റൗണ്ടില്‍ ഹിന്ദു ദേവതയായ കാളിയുടെ വേഷം ധരിച്ചാണ് മത്സരത്തില്‍ സോഫിയ കൈയ്യടി ഏറ്റുവാങ്ങിയത്. 'ശക്തി, ആത്മീയമായ സ്‌ത്രീത്വം' എന്ന പേരിലാണ് സോഫിയ തന്‍റെ വേഷം സമൂഹമാധ്യമങ്ങളിലുടനീളം പങ്കുവച്ചത്.
മത്സരത്തില്‍ ചുവപ്പ് നിറമുള്ള സാരി ധരിച്ചാണ് സോഫിയ എത്തിയത്. കാളിയുടെ തൃക്കണ്ണിനെ സൂചിപ്പിക്കുവാനായി നെറ്റിയില്‍ സിന്ദൂരവും ചാര്‍ത്തിയിരുന്നു. സ്വര്‍ണാഭരണങ്ങള്‍ ധരിച്ച് കൈയ്യില്‍ ത്രിശൂലവുമായാണ് സോഫിയ റാംപിലെത്തിയത്.
വസ്‌ത്രം പ്രതിനിധീകരിക്കുന്നത് :'ഈ വര്‍ഷം നാഷണല്‍ കോസ്‌റ്റ്യൂം റൗണ്ടില്‍ കാളിയുടെ വേഷമാണ് ഞങ്ങള്‍ തെരഞ്ഞെടുത്തത്. വസ്‌ത്രത്തിലെ ചുവപ്പുനിറം രക്തത്തെയാണ് സൂചിപ്പിക്കുന്നത്. രക്തം എന്നത് കൊണ്ട് അര്‍ഥമാക്കുന്നത് 'സൃഷ്‌ടിയുടെ ശക്തി' എന്നതാണ്. ത്രിശൂലം സൃഷ്‌ടി, ജീവിതം, മരണം എന്നിങ്ങനെ ത്രിത്വത്തെയാണ് സൂചിപ്പിക്കുന്നത്. നമ്മുടെ ഭൗതിക ശരീരം എങ്ങനെ പ്രപഞ്ചത്തില്‍ അത്ഭുതങ്ങള്‍ സൃഷ്‌ടിക്കുന്നു എന്നതിനെ ഇത് പ്രതിനിധീകരിക്കുന്നു' - ചിത്രം പങ്കുവച്ചുകൊണ്ട് സോഫിയ കുറിച്ചു.
'ഈ വസ്‌ത്രം നമ്മുടെ കരുത്തിനെക്കുറിച്ച് തന്നെ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഓരോ സ്‌ത്രീയും പരിധിയില്ലാത്ത ഊര്‍ജ സ്രോതസാണ് എന്നതും അര്‍ഥമാക്കുന്നു. ഉള്‍മനസിലേക്ക് നോക്കാനും ഉള്ളില്‍ വസിക്കുന്ന ശക്തിയെ പുനരുജ്ജീവിപ്പിക്കുവാനും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു വസ്‌ത്രത്തിന് പിന്നിലുള്ള ലക്ഷ്യമെന്ന് നേപ്പാള്‍ സുന്ദരി വ്യക്തമാക്കി.