കാഠ്‌മണ്ഡു: വാലന്‍റൈന്‍സ് ദിനത്തിന് മുന്നോടിയായി ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള റോസാപ്പൂക്കൾ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ച് നേപ്പാള്‍ സർക്കാർ. ഇന്നാണ് ഇതുസംബന്ധിച്ച വിവരം നേപ്പാള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടത്. സസ്യങ്ങളിലുണ്ടാവുന്ന രോഗങ്ങൾ വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് റോസാപ്പൂക്കൾ ഇറക്കുമതി ചെയ്യുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ഇറക്കുമതിയ്‌ക്ക് അനുമതി നിഷേധിക്കണമെന്ന് കാർഷിക മന്ത്രാലയത്തിന് കീഴിലുള്ള പ്ലാന്‍റ് ക്വാറന്‍റൈന്‍ ആൻഡ് പെസ്റ്റിസൈഡ് മാനേജ്‌മെന്‍റ് സെന്‍റര്‍ വ്യാഴാഴ്‌ച (ഫെബ്രുവരി ഒന്‍പത്) വിജ്ഞാപനം പുറപ്പെടുവിച്ചു. രാജ്യത്തിന്‍റെ അതിർത്തി സംരക്ഷണ വകുപ്പിന് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേപ്പാളിന്‍റെ അതിർത്തികളിലെ 15 കസ്റ്റംസ് ഓഫിസുകളിലേക്ക് പ്രത്യേക കാരണങ്ങളാൽ റോസാപ്പൂക്കളുടെ ഇറക്കുമതി നിരോധിച്ചതായി 'മൈ റിപ്പബ്ലിക്ക' പത്രം റിപ്പോർട്ട് ചെയ്‌തു. ഫെബ്രുവരി 14-ാം തിയതിയിലെ പ്രണയദിനത്തിന്‍റെ ഭാഗമായി കിഴക്ക് കകദ്ബിട്ടയിൽ നിന്ന് പടിഞ്ഞാറ് ഗദ്ദ ചൗക്കിയിലേക്കും വടക്ക് കസ്റ്റംസ് പോയിന്‍റുകളുടെ പരിധിയിലേക്കും റോസാപ്പൂക്കൾ ഇറക്കുമതി ചെയ്യാൻ കഴിയില്ലെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നത്.
നിരോധനം തത്‌കാലത്തേക്കെന്ന് അധികൃതര്‍:ചെടികളിലും പച്ചക്കറികളിലും കാണപ്പെടുന്ന പ്രത്യേക രോഗങ്ങളും പ്രത്യേകതരം പ്രാണികളും ഉണ്ടാവാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ഇത് കണക്കിലെടുത്താണ് ഇറക്കുമതി ഉടൻ നിർത്തിയതെന്ന് കേന്ദ്രത്തിന്‍റെ ഇൻഫർമേഷൻ ഓഫിസർ മഹേഷ് ചന്ദ്ര ആചാര്യ മാധ്യമങ്ങളോട് പറഞ്ഞു. റോസാപ്പൂക്കളിലും മറ്റ് ചെടികളിലും രോഗസാധ്യതയുള്ളതായി തങ്ങള്‍ സ്ഥിരീകരിച്ചു. അതിനാൽ, ഇത്തരം രോഗങ്ങളെക്കുറിച്ച് കൃത്യമായ പഠനം നടക്കാത്തതിനാൽ ഇറക്കുമതി തത്‌കാലം നിർത്തിവയ്‌ക്കുകയാണെന്നും ആചാര്യ പറഞ്ഞു.