കാഠ്‌മണ്ഡു: നേപ്പാളിൽ കാണാതായ വിമാനം തകർന്നതായി സൂചന. ജിപിഎസ് നെറ്റ് വർക്കിലൂടെ വിമാനത്തിലെ പൈലറ്റ് പ്രഭാകർ പ്രസാദ് ഘിമിരേയുടെ സെൽഫോണിൽ നിന്നും സിഗ്നൽ ലഭിച്ചതായാണ് വിവരം. വിമാനം തകർന്നുവീഴാൻ സാധ്യതയുള്ള നർഷാംഗ് മൊണാസ്ട്രിക്ക് സമീപമുള്ള നദിക്കരയില്‍ സൈനിക ഹെലികോപ്‌റ്ററില്‍ തിരച്ചിൽ നടത്തുന്നുണ്ട്.
10 സൈനികരും സിവിൽ ഏവിയേഷൻ അതോറിറ്റിയിലെ രണ്ട് ജീവനക്കാരുമാണ് തെരച്ചില്‍ നടത്തുന്ന സൈനിക ഹെലികോപ്റ്ററിലുള്ളത്. തകർന്നുവീണുവെന്ന് കരുതുന്ന വിമാനത്തിൽ നാല് ഇന്ത്യക്കാരും മൂന്ന വിദേശികളുമുണ്ട്. ശേഷിക്കുന്ന യാത്രക്കാർ നേപ്പാൾ സ്വദേശികളാണ്. നേപ്പാളിലെ താര എയറിന്‍റെ ഉടമസ്ഥതയിലുള്ള ട്വിൻ ഒട്ടർ 9എൻഎഇടി വിമാനം രാവിലെ 10.15 ന് പൊഖാറയിൽ നിന്നാണ് പറന്നുയർന്നത്.