ന്യൂയോർക്ക്: അര നൂറ്റാണ്ടിന് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിൽ നാസയുടെ പുതിയ ബഹിരാകാശ സംവിധാനമായ ആർട്ടിമിസ് 1 (ന്യൂ മൂൺ റോക്കറ്റ് ) ചന്ദ്രനിലേക്ക് ഇന്ന് കുതിച്ചുയരും. ഫ്ലോറിഡയിലെ കേപ് കാനവറലിൽ നിന്നും 6.05 നാണ് ദൗത്യം വിക്ഷേപിക്കുന്നത്. നാസയുടെ അപ്പോളോ പ്രോഗ്രാമിന് ശേഷം ചന്ദ്രനിലേക്ക് പരീക്ഷണാർഥം എന്ന നിലയിൽ മനുഷ്യർ ഇല്ലാതെയാണ് ആർട്ടിമിസ് 1 പറന്നുയരുന്നത്.
മൂന്ന് ഡമ്മികളെ ഓറിയോൺ ക്യാപ്‌സ്യൂളിൽ ഘടിപ്പിച്ച് വൈബ്രേഷൻ, ആക്‌സിലറേഷൻ, റേഡിയേഷൻ എന്നിവ അളക്കുകയാണ് ആദ്യ ദൗത്യത്തിന്‍റെ ലക്ഷ്യം. ശനിയാഴ്‌ചയുണ്ടായ ശക്തമായ ഇടിമിന്നലിൽ റോക്കറ്റിനോ ക്യാപ്‌സ്യൂളിനോ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് നാസ ഉദ്യോഗസ്ഥർ പറഞ്ഞു. യാത്രാപേടകത്തെ ചന്ദ്രന്‍റെ ഭ്രമണ പഥത്തിൽ നിക്ഷേപിക്കുകയാണ് നാസയുടെ ആത്യന്തിക ലക്ഷ്യം. 2024 ഓടെ ബഹിരാകാശ യാത്രികരെ ചന്ദ്രോപരിതലത്തിക്കാൻ ഇതിലൂടെ കഴിയുമെന്നാണ് നാസ പ്രതീക്ഷിക്കുന്നത്.
നാസയുടെ പുതിയ ബഹിരാകാശ സംവിധാനമായ ആർട്ടിമിസ് 1
നാസയുടെ ശക്തമായ ദൗത്യം: പുതിയ ബഹിരാകാശ വിക്ഷേപണ സംവിധാനത്തിന്‍റെ ആദ്യ വിമാനമാണ് ആർട്ടിമിസ് 1. ദൗത്യം ആർട്ടിമിസ് 3 ലേക്കുള്ള ആദ്യ ചുവടുവയ്പ്പു കൂടിയാണിത്. നാസ സൂചിപ്പിക്കുന്നതുപോലെ ഇതൊരു ഹെവി ലിഫ്റ്റ് വാഹനമാണ്.
1960 കളിലും 70 കളിലും ബഹിരാകാശയാത്രികരെ ചന്ദ്രനിലേക്ക് കൊണ്ടുപോയ അപ്പോളോയുടെ സിസ്റ്റത്തേക്കാൾ ശക്തവും ബഹിരാകാശത്തേക്ക് പറന്നതിൽ വെച്ച് ഏറ്റവും ശക്തമായ റോക്കറ്റ് എഞ്ചിനായിരിക്കും ഇത്. 322 അടി (98 മീറ്റർ) സ്‌പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റാണ് നാസ ഇതുവരെ നിർമ്മിച്ചതിൽ ഏറ്റവും ശക്തമായത്. 11 അടി പൊക്കമുള്ളതാണ് യാത്രികരെ വഹിക്കുന്ന ഓറിയോൺ പേടകം. നാല് യാത്രക്കാരെ വഹിക്കാൻ ഇതിന് സാധിക്കും.
നാസയുടെ പുതിയ ബഹിരാകാശ സംവിധാനമായ ആർട്ടിമിസ് 1
ദൗത്യം ഇങ്ങനെ: ഒരാഴ്‌ചയാണ് ആർട്ടിമിസ് 1 ന് ഭൂമിയിൽ നിന്നും ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ എത്താൻ ആവശ്യമായ സമയം. ശേഷം ആർട്ടിമിസ് 1 ചന്ദ്രന്‍റെ ഭ്രമണ പഥത്തിൽ നിക്ഷേപിച്ച് അഞ്ചാഴ്‌ച കഴിയുന്നതോടെ യാത്രികരുടെ പേടകമായ ഓറിയോൺ പസഫിക് സമുദ്രത്തിലേക്ക് വീഴുന്നു. മണിക്കൂറിൽ 40,000 കിലോമീറ്റർ വേഗതയിലാണ് ഓറിയോൺ ഭൂമിയിലേക്ക് സഞ്ചരിക്കുക.
അതായത് ആറാഴ്‌ചയാണ് ആർട്ടിമിസ് 1 യാത്ര പൂർത്തീകരിക്കാൻ എടുക്കുന്ന സമയം. മനുഷ്യനുപകരം പാവകളെ ഉപയോഗിച്ചാണ് പരീക്ഷണം നടത്തുന്നത്. കമാനഡർ മൂൺക്വിൻ കാംപോസാണ് പ്രധാന പാവ. ദൗത്യം ഭൂമിയിൽ തിരിച്ചെത്തിയ ശേഷം പാവകളിലെ വസ്‌ത്രങ്ങൾ നിരീക്ഷണത്തിന് വിധേയമാക്കും. ഇതിൽ പതിച്ചിരിക്കുന്ന ബഹിരാകാശ വികിരണങ്ങളുടെ തോതും തീവ്രതയും പഠനങ്ങൾക്ക് വിധേയമാക്കും. ഇത്തരത്തിലാണ് മനുഷ്യൻ യാത്രചെയ്യുമ്പോൾ ആവശ്യമായ സുരക്ഷ നാസ ഉറപ്പുവരുത്തുക.