ഓസ്‌ലോ: സമാധാനത്തിനുള്ള ഈ വർഷത്തെ നൊബേല്‍ പുരസ്‌കാരം നർഗേസ് മൊഹമ്മദിക്ക്. സ്‌ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടത്തിനാണ് പുരസ്‌കാരം. ഇറാനില്‍ സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാട്ടം നയിക്കുന്ന നർഗേസ് മൊഹമ്മദി ഇപ്പോൾ ജയിലിലാണ്. മനുഷ്യാവകാശ പോരാട്ടങ്ങളില്‍ 13 തവണയാണ് നർഗേസ് അറസ്റ്റിലായിട്ടുള്ളത്.
സ്ത്രീകൾക്ക് വേണ്ടി പോരാട്ടം, ജയില്‍:ഇറാനില്‍ സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങൾക്കും അടിച്ചമർത്തലുകൾക്കും വിവേചനത്തിനും എതിരായ പോരാട്ടങ്ങളില്‍ മുന്നിലാണ് നർഗേസ് മൊഹമ്മദിയുടെ സ്ഥാനം. അതിന്‍റെ ഭാഗമായി കഠിന തടവ്, കഠിനമായല മറ്റ് ശിക്ഷകൾ എന്നിവ മൊഹമ്മദിയുടെ ജീവിതത്തിന്‍റെ ഭാഗമായി മാറി. തടവിലാക്കപ്പെടുന്നതിന് മുമ്പ്, ഇറാനിലെ നിരോധിത ഡിഫൻഡേഴ്‌സ് ഓഫ് ഹ്യൂമൻ റൈറ്റ്‌സ് സെന്‍റർ വൈസ് പ്രസിഡന്‍റായിരുന്നു മൊഹമ്മദി. സെന്റർ സ്ഥാപിച്ച ഇറാനിയൻ സമാധാന നൊബേൽ സമ്മാന ജേതാവ് ഷിറിൻ എബാദിയുമായും വളരെയധികം അടുപ്പമുള്ള വ്യക്തി കൂടിയാണ് നർഗേസ് മുഹമ്മദി.
എഞ്ചിനീയർ കൂടിയായ മൊഹമ്മദിയെ 2022-ൽ അഞ്ച് മിനിറ്റിൽ വിചാരണ പൂർത്തിയാക്കി എട്ട് വർഷം തടവും 70 ചാട്ടയടിയും വിധിച്ചിരുന്നു. മൊഹമ്മദിക്ക് എതിരായ ക്രൂരമായ ശിക്ഷ നടപടികളില്‍ ലോകരാജ്യങ്ങൾ നടുക്കം രേഖപ്പെടുത്തിയിട്ടുണ്ട്. ഡിസംബറില്‍ ഓസ്‌ലോയില്‍ നടക്കുന്ന ചടങ്ങില്‍ ഒരു മില്യൺ യുഎസ് ഡോളറും 18 കാരറ്റ് ഗോൾഡ് മെഡലും ഡിപ്ലോമയുമാണ് പുരസ്‌കാരമായി ലഭിക്കുക.
പോരാളിക്ക് പുരസ്‌കാരം ജയിലിലേക്ക്: വിവിധ കുറ്റകൃത്യങ്ങൾ ചുമത്തി കൃത്യമായ വിചാരണയില്ലാതെ 31 വർഷത്തെ ജയില്‍ ശിക്ഷയാണ് ഇപ്പോൾ മൊഹമ്മദിക്ക് വിധിച്ചിട്ടുള്ളത്. ഇറാൻ ഭരണകൂടത്തിന്‍റെ മനുഷ്യാവകാശ വിരുദ്ധ നടപടികൾക്കെതിരെ ശക്തമായ പോരാട്ടമാണ് മൊഹമ്മദി ഇക്കാലം വരെ നടത്തിയതെന്ന് നൊബേല്‍ കമ്മിറ്റി വിലയിരുത്തി.
നർഗേസ് മൊഹമ്മദിക്ക് സമാധാന പുരസ്‌കാരം നല്‍കുന്നതിലൂടെ ഇറാനിലെ ജനങ്ങളുടെ മനുഷ്യാവകാശത്തിനും സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും അവർ നടത്തിയ പോരാട്ടത്തെ ആദരിക്കുകയാണെന്ന് നോർവീജിയൻ നൊബേല്‍ കമ്മിറ്റി അറിയിച്ചു.