വാഷിങ്‌ടണ്‍ :ഇന്ത്യയുടെ ത്രിവർണ പതാകയും അമേരിക്കയുടെ നക്ഷത്രങ്ങളും വരകളുമാര്‍ന്ന പതാകയും കൂടുതൽ ഉയരത്തിൽ പറക്കട്ടേയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങളുടെ പതാകകളും ഉയരത്തില്‍ പറക്കാന്‍, ഇന്ത്യയിലെ 140 കോടി ജനങ്ങളോടൊപ്പം താനും ആഗ്രഹിക്കുന്നു. വൈറ്റ് ഹൗസിൽ നടക്കുന്ന ഈ മഹത്തായ ചടങ്ങ്, ഇന്ത്യയിലെ 140 കോടി ജനങ്ങൾക്ക് നല്‍കുന്ന ബഹുമതി കൂടിയാണെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.
യുഎസിലുള്ള നാല് ദശലക്ഷത്തിലധികം ഇന്ത്യൻ വംശജർക്കുള്ള ബഹുമതി കൂടിയാണിത്. കൊവിഡിന് ശേഷമുള്ള കാലഘട്ടം, പുതിയ ലോകം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ്. ഈ കാലഘട്ടത്തിൽ, ഇന്ത്യയും യുഎസും തമ്മിലുള്ള സൗഹൃദം ലോകത്തിന്‍റെ മുഴുവൻ ശക്തി വർധിപ്പിക്കുന്നതിൽ നിർണായകമാവും. ഇന്ത്യയും യുഎസും ഒരുമിച്ച് പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധരാണ്. ആഗോള നന്മയും സമാധാനവും സ്ഥിരതയും സമൃദ്ധിയുമാണ് ഇരു രാജ്യങ്ങളുടെയും ലക്ഷ്യം.
ഇന്ത്യയിലേയും യുഎസിലേയും സമൂഹങ്ങളും സ്ഥാപനങ്ങളും ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്‌ഠിതമാണ്. രണ്ട് രാജ്യങ്ങളുടേയും ഭരണഘടനകൾ ആരംഭിക്കുന്നത് 'ഞങ്ങൾ ജനങ്ങൾ' (We The People) എന്ന മൂന്ന് വാക്കുകളിലാണ്. ഇരു രാജ്യങ്ങളും അവരുടെ വൈവിധ്യത്തിൽ അഭിമാനിക്കുകയും എല്ലാവരുടെയും താത്‌പര്യം, ക്ഷേമം എന്നീ അടിസ്ഥാന തത്വങ്ങളില്‍ വിശ്വസിക്കുകയും ചെയ്യുന്നു.
തങ്ങളുടെ പ്രവാസികള്‍ അവരുടെ കഠിനാധ്വാനത്തിലൂടെയും അർപ്പണബോധത്തിലൂടെയും യുഎസിൽ ഇന്ത്യയുടെ മഹത്വം വർധിപ്പിക്കുകയാണ്. ഇന്ത്യയും യുഎസും തമ്മിലെ ബന്ധത്തിന്‍റെ യഥാർഥ ശക്തി രാജ്യത്തിന്‍റെ പ്രവാസികളാണ്. ഈ ബഹുമതി നൽകിയതിന് പ്രസിഡന്‍റ് ബൈഡനും ഡോ. ജിൽ ബൈഡനും താൻ നന്ദി പറയുന്നെന്നും മോദി പ്രസംഗത്തില്‍ എടുത്തുപറഞ്ഞു.