വാഷിങ്‌ടണ്‍:ഇടക്കാല തെരഞ്ഞെടുപ്പില്‍ ജനപ്രതിനിധി സഭയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കേവല ഭൂരിപക്ഷം ലഭിച്ചതിന് പിന്നാലെ പാര്‍ട്ടി നേതൃസ്ഥാനമൊഴിയുമെന്ന് പ്രഖ്യാപിച്ച് നിലവിലെ സ്‌പീക്കറും ഡെമോക്രാറ്റിക് നേതാവുമായ നാന്‍സി പെലോസി. അടുത്ത തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് നേതൃസ്ഥാനത്തേയ്ക്ക് താന്‍ മത്സരിക്കില്ലെന്ന് പെലോസി അറിയിച്ചു. ഏകദേശം 20 വര്‍ഷം ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയെ നയിച്ചതിന് ശേഷമാണ് 82കാരിയായ പെലോസിയുടെ പടിയിറക്കം.
പുതു തലമുറ ഡെമോക്രാറ്റിക് കോക്കസ് നയിക്കാനുള്ള നേരമായെന്നും ഭാവിയിലേക്ക് ധൈര്യപൂർവം കടക്കണമെന്നും അവർ പറഞ്ഞു. അതേസമയം സഭയില്‍ സാന്‍ ഫ്രാന്‍സിസ്‌കോയെ പ്രതിനിധാനം ചെയ്യുന്നത് തുടരുമെന്നും ഡെമോക്രാറ്റിക് നേതാവ് വ്യക്തമാക്കി. ഇടക്കാല തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം തികച്ച റിപ്പബ്ലിക്കന്‍ പാര്‍ട്ടി അടുത്ത വര്‍ഷം ജനുവരിയില്‍ സഭയുടെ നിയന്ത്രണമേറ്റെടുക്കും.
കഴിഞ്ഞ മാസം സാന്‍ ഫ്രാന്‍സിസ്‌കോയിലുള്ള വസതിയില്‍ ഭര്‍ത്താവിന് നേരെയുണ്ടായ ആക്രമണം തന്‍റെ രാഷ്‌ട്രീയ ഭാവിയെ ബാധിക്കുമെന്ന് പെലോസി നേരത്തെ വ്യക്തമാക്കിയിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് പിടിയിലായയാള്‍ ലക്ഷ്യമിട്ടത് പെലോസിയെയാണെന്ന് പൊലീസ് അറിയിച്ചിരുന്നു. അമേരിക്കന്‍ രാഷ്‌ട്രീയത്തില്‍ നിര്‍ണായക സ്ഥാനമുള്ള രാഷ്‌ട്രീയ നേതാവാണ് നാന്‍സി പെലോസി.