സോൾ : ഉത്തര കൊറിയ മിസൈൽ തൊടുത്തുവിട്ടെന്ന ആരോപണവുമായി ദക്ഷിണ കൊറിയ. ഞായറാഴ്‌ച കിഴക്കൻ കടലിന് മുകളിലേക്കാണ് ഉത്തര കൊറിയ മിസൈൽ വിട്ടതെന്നും, ഇതൊരു ബാലിസ്‌റ്റിക് മിസൈൽ ആണെന്ന് സംശയിക്കുന്നതായും ദക്ഷിണ കൊറിയയുടെ സൈനിക വാർത്ത ഏജൻസിയായ യോൻഹാപ്പ് റിപ്പോർട് ചെയ്‌തു (N Korea Launched Ballistic Missile Towards East Sea).
വിക്ഷേപണത്തെക്കുറിച്ച് പഠിച്ചതായി ദക്ഷിണ കൊറിയയുടെ ജോയന്‍റ് ചീഫ് ഓഫ് സ്‌റ്റാഫ് സ്ഥിരീകരിച്ചു. എന്നാൽ അദ്ദേഹം കൂടുതൽ പ്രതികരണത്തിന് തയ്യാറായില്ല. അതേസമയം ഉത്തര കൊറിയയുടെ മിസൈൽ വിക്ഷേപണത്തിന് പിന്നാലെ ജപ്പാൻ പ്രധാനമന്ത്രിയുടെ ഓഫിസ് അടിയന്തര മുന്നറിയിപ്പ് നല്‍കി. കൂടുതൽ വിവരങ്ങൾക്ക് കാത്തിരിക്കുകയാണെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
ഉത്തര കൊറിയയുടെ മിസൈൽ സംബന്ധിച്ച് കഴിഞ്ഞയാഴ്‌ച തന്നെ ദക്ഷിണ കൊറിയയുടെ പ്രതിരോധ മന്ത്രി ഷിൻ വോൺ-സിക് മുന്നറിയിപ്പ് നൽകിയിരുന്നതായി യോൻഹാപ്പ് വാർത്ത ഏജൻസി റിപ്പോർട് ചെയ്‌തു. പ്യോങ്‌യാങ് ഈ മാസം ആദ്യം തന്നെ ഖര ഇന്ധനം ഉപയോഗിക്കുന്ന ഇന്‍റർമീഡിയറ്റ് റേഞ്ച് ബാലിസ്‌റ്റിക് മിസൈലുകൾ പരീക്ഷിച്ചേക്കുമെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്.