വാഷിംഗ്‌ടൺ :ട്വിറ്ററില്‍ പരിഷ്‌കാരങ്ങള്‍ തുടര്‍ന്ന് സിഇഒ ഇലോൺ മസ്‌ക്. ട്വിറ്ററിന്‍റെ പ്രധാന ആകർഷണമായ ബ്ലൂ ബേഡ് ലോഗോ മാറ്റി. ഹോം ബട്ടണായ ബ്ലൂ ബേഡിന് പകരം ഡോഗ്കോയിൻ (Dogecoin) ക്രിപ്‌റ്റോകറൻസിയുടെ 'ഡോഗ്' മീമാണ് പുതിയതായി നൽകിയിരിക്കുന്നത്.
2013-ൽ ഡോഗ്കോയിൻ ബ്ലോക്ക്‌ചെയിനിന്‍റെയും ക്രിപ്‌റ്റോകറൻസിയുടെയും ലോഗോ ആയി തമാശയ്ക്ക് സൃഷ്‌ടിക്കപ്പെട്ടതായിരുന്നു ഈ മീം. ഇന്ത്യൻ സമയം ചൊവ്വാഴ്‌ച പുലർച്ചെ പന്ത്രണ്ടരയോടെ ഇലോൺ മസ്‌ക് രസകരമായ ഒരു പോസ്റ്റ് തന്‍റെ ഹാന്‍ഡിലില്‍ പങ്കിട്ടിരുന്നു. ഡ്രൈവിംഗ് ലൈസൻസ് പരിശോധിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനോട് കാർഡിലുള്ളത് പഴയ ഫോട്ടോ ആണെന്ന് പറയുന്ന ഷിബ ഇനു ബ്രീഡിൽ പെട്ട നായയുടെ ചിത്രമടങ്ങിയതായിരുന്നു പോസ്റ്റ്. ഇതിനുപിന്നാലെയാണ് ലോഗോ മാറ്റം.
എന്നാൽ ട്വിറ്ററിന്‍റെ മൊബൈൽ ആപ്പിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ബിറ്റ്‌കോയിൻ പോലുള്ള മറ്റ് ക്രിപ്‌റ്റോകറൻസികളെ പരിഹസിക്കാൻ തമാശയായി സൃഷ്‌ടിച്ച ഡോഗ് ഇമേജ് ഇപ്പോൾ ട്വിറ്ററിൽ ട്രെൻഡിംഗ് ആണ്. മസ്‌ക് 2022 മാർച്ച് 26-ന് അദ്ദേഹം നടത്തിയ ഒരു സംഭാഷണത്തിന്‍റെ 'വ്യാജ' സ്‌ക്രീൻഷോട്ടും പങ്കിട്ടിരുന്നു. പക്ഷിയുടെ ലോഗോ മാറ്റാൻ രണ്ടാമൻ ആവശ്യപ്പെടുന്ന ഈ ചാറ്റ് 'ഞാൻ വാഗ്‌ദാനം ചെയ്‌തതുപോലെ' എന്ന തലക്കെട്ടോടെ മസ്‌ക് പോസ്‌റ്റ് ചെയ്‌തിരുന്നു.
44 ബില്യൺ ഡോളറിന്‍റെ ഡീലിൽ ട്വിറ്റർ വാങ്ങിയ മസ്‌ക്, ഡോഗ് മീമിന്‍റെ സൂപ്പർ ഫാനാണ്. കൂടാതെ അദ്ദേഹം ട്വിറ്ററിൽ കഴിഞ്ഞ വർഷം 'സാറ്റർഡേ നൈറ്റ് ലൈവ്' നടത്തിയപ്പോഴും ഡോഗ്‌കോയിൻ ചിത്രം ഉപയോഗിച്ചിട്ടുണ്ട്. തിങ്കളാഴ്‌ച ട്വിറ്ററിന്‍റെ വെബ് ലോഗോയിലേക്കുള്ള മാറ്റത്തിന് ശേഷം ഡോഗ്കോയിന്‍റെ മൂല്യം 20 ശതമാനത്തിലധികം ഉയർന്നതായാണ് റിപ്പോര്‍ട്ട്.