കേരളം

kerala

ETV Bharat / international

ശവപ്പറമ്പായി കീവ്; 900ലധികം മൃതദേഹങ്ങള്‍ കണ്ടെത്തി, ബുച്ചയില്‍ നിന്ന് മാത്രം 350ലേറെ - ukraine police allegation

കീവിന് സമീപം തെരുവുകളിൽ ഉപേക്ഷിക്കപ്പെട്ട നിലയിലോ താത്‌കാലികമായി മറവ് ചെയ്‌ത നിലയിലോ ആണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് യുക്രൈന്‍ പൊലീസ് അറിയിച്ചു

കീവ് മൃതദേഹങ്ങള്‍ കണ്ടെത്തി  റഷ്യ യുക്രൈന്‍ യുദ്ധം  റഷ്യ യുക്രൈന്‍ ആക്രമണം  യുക്രൈന്‍ പൊലീസ് ആരോപണം  900 civilian bodies found in kyiv  civilian bodies found in kyiv  russia ukraine war  ukraine police allegation  ബുച്ച മൃതദേഹങ്ങള്‍
ശവപ്പറമ്പായി കീവ്; 900ലധികം മൃതദേഹങ്ങള്‍ കണ്ടെത്തി, ബുച്ചയില്‍ നിന്ന് മാത്രം 350ലേറെ മൃതദേഹങ്ങള്‍

By

Published : Apr 16, 2022, 7:51 AM IST

കീവ്: കീവ് മേഖലയില്‍ നിന്ന് റഷ്യന്‍ സേനയുടെ പിന്മാറ്റത്തിന് പിന്നാലെ, 900ലധികം സാധാരണക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി യുക്രൈന്‍ അറിയിച്ചു. കൂടുതല്‍ പേരും വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്ന് യുക്രൈന്‍ പൊലീസ് വ്യക്തമാക്കി. ബുച്ചയില്‍ 350ലധികം മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

കീവിന് സമീപം തെരുവുകളിൽ ഉപേക്ഷിക്കപ്പെട്ട നിലയിലോ താത്‌കാലികമായി മറവ് ചെയ്‌ത നിലയിലോ ആണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് കീവിന്‍റെ പ്രാദേശിക പൊലീസ് സേനയുടെ തലവൻ ആൻഡ്രി നെബിറ്റോവ് പറഞ്ഞു. റഷ്യന്‍ അധിനിവേശത്തിനിടെ സാധാരണക്കാര്‍ തെരുവുകളില്‍ കൊല്ലപ്പെടുകയായിരുന്നുവെന്ന് നെബിറ്റോവ് ആരോപിച്ചു. മൃതദേഹങ്ങള്‍ കണ്ടെത്തിയതില്‍ 95 ശതമാനവും വെടിയേറ്റ് കൊല്ലപ്പെട്ടവരാണെന്നാണ് പൊലീസ് കണ്ടെത്തല്‍.

ആക്രമണം തുടരുന്നു: റഷ്യൻ മേഖലയില്‍ യുക്രൈന്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടിയായി കീവിന് നേരെ മിസൈല്‍ ആക്രമണം വര്‍ധിപ്പിക്കുമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചതിന് പിന്നാലെയാണ് കൊല്ലപ്പെട്ടവരുടെ കണക്കുകള്‍ യുക്രൈന്‍ പുറത്തുവിട്ടത്. നേരത്തെ കരിങ്കടലിലെ റഷ്യൻ നാവികസേനയുടെ കപ്പൽ യുക്രൈൻ നടത്തിയ മിസൈലാക്രമണത്തിൽ ഭാഗികമായി തകര്‍ന്നിരുന്നു. യുക്രൈനുമായി അതിര്‍ത്തി പങ്കിടുന്ന ബ്രയാന്‍സ്‌കിലെ ജനവാസ മേഖലയില്‍ യുക്രൈന്‍ വ്യോമാക്രമണം നടത്തിയെന്നും റഷ്യ ആരോപിച്ചിരുന്നു.

കിഴക്കന്‍ യുക്രൈനില്‍ പുതിയ ആക്രമണങ്ങള്‍ നടത്താന്‍ റഷ്യ പദ്ധതിയിടുന്നുണ്ടെന്നാണ് സൂചന. മരിയുപോളില്‍ ആക്രമണം തുടരുകയാണ്. ഖാര്‍കിവില്‍ ജനവാസ മേഖലയില്‍ റഷ്യ നടത്തിയ ഷെല്ലാക്രമണത്തില്‍ 7 മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ 7 പേര്‍ കൊല്ലപ്പെടുകയും 34 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തതായി അധികൃതര്‍ അറിയിച്ചു.

തെക്ക് കെർസൺ, സപോരിജിയ മേഖലകളിലുള്ള റഷ്യൻ സൈന്യം സാധാരണക്കാരെ ഭയപ്പെടുത്തുന്നുവെന്നും യുക്രൈന്‍ സൈന്യത്തിലോ സർക്കാരിലോ സേവനമനുഷ്‌ഠിക്കുന്നവരെ വേട്ടയാടുകയാണെന്നും യുക്രൈന്‍ പ്രസിഡന്‍റ് വൊളാഡിമിര്‍ സെലന്‍സ്‌കി ആരോപിച്ചു. 'ഈ മേഖല എളുപ്പത്തില്‍ തങ്ങളുടെ നിയന്ത്രണത്തിലാക്കാമെന്നാണ് റഷ്യന്‍ സേന കരുതുന്നത്. എന്നാല്‍ അവര്‍ക്ക് തെറ്റി. അവര്‍ സ്വയം വിഡ്ഢികളാകുന്നു,' സെലന്‍സ്‌കി പറഞ്ഞു.

Also read: യുക്രൈന്‍ സൈനികര്‍ക്ക് സൈനിക പരിശീലനം നല്‍കാനൊരുങ്ങി യു.എസ്

ABOUT THE AUTHOR

...view details