ജനീവ: കുരങ്ങ് വസൂരി(മങ്കിപോക്‌സ്) ലോകത്ത് വ്യാപിക്കുന്നതിനിടെ സ്വവര്‍ഗ രതിക്കാരായ പുരുഷന്‍മാരോട് ലൈംഗിക പങ്കാളികളുടെ എണ്ണം കുറയ്‌ക്കണമെന്ന നിര്‍ദേശം പുറപ്പെടുവിച്ച് ലോകാരോഗ്യ സംഘടന. പുതിയ ഒരാളുമായി ലൈംഗിക ബന്ധം ആരംഭിക്കുന്നത് തത്‌കാലത്തേക്ക് നിര്‍ത്തിവെക്കണമെന്ന ഉപദേശവും ലോകാരോഗ്യ സംഘടന ഡയറക്‌ടര്‍ ജനറല്‍ ടെഡ്രോസ് അദാനം ഗബ്രിയോസ് നല്‍കി. നിലവിലെ വ്യാപനത്തില്‍ കുരങ്ങ് വസൂരി പിടിപ്പെട്ടവരില്‍ 98 ശതമാനവും സ്വവര്‍ഗ രതിക്കാരായ പുരുഷന്‍മാരാണ് എന്നതിന്‍റെ പശ്ചാത്തലത്തിലാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം.
സ്വവര്‍ഗ രതിക്കാരോട് വിവേചനം അരുത്:കുരങ്ങ് വസൂരി വ്യാപനം തടയാനുള്ള നടപടികള്‍ വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ സ്വീകരിക്കുമ്പോള്‍ സ്വവര്‍ഗ രതിക്കാരുടെ മനുഷ്യാവകാശം ലംഘിക്കാന്‍ പാടില്ലെന്നും ലോകാരോഗ്യ സംഘടനാ തലവന്‍ പറഞ്ഞു. ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള വിവേചനം വൈറസിനോളം അപകടകരമാണെന്ന് അദ്ദേഹം വ്യക്തമാക്കി. രോഗം പിടിപ്പെട്ടവരുമായി അടുത്ത് ഇടപെഴകുന്ന ആര്‍ക്കും കുരങ്ങ് വസൂരി പിടിപെടുമെന്നതിനാല്‍ ഈ രോഗം വന്നാല്‍ ഗുരുതരമാകുന്ന കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രതിരോധ ശേഷി ദുര്‍ബലമായവര്‍ എന്നിവരെ സംരക്ഷിക്കാന്‍ രാജ്യങ്ങള്‍ നടപടി സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. രോഗവ്യാപനത്തെ ഗൗരവത്തോടെ കണ്ട് നടപടികള്‍ സ്വീകരിച്ചാല്‍ കുരുങ്ങ് വസൂരി പെട്ടെന്ന് തന്നെ നിയന്ത്രണവിധേയമാക്കാമെന്നും ടെഡ്രോസ് അദാനം ഗബ്രിയോസ് പറഞ്ഞു.