വാഷിങ്ടണ്‍ :ആഗോള സോഫ്‌റ്റ്‌വെയര്‍ ഭീമനായ മൈക്രോസോഫ്റ്റ് ഇന്ന് ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ട്. പ്രമുഖ വാര്‍ത്താഏജന്‍സിയാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. അഞ്ച് ശതമാനം ജീവനക്കാരെയാണ് കമ്പനി വെട്ടിക്കുറയ്‌ക്കാന്‍ പദ്ധതിയിടുന്നത്.
ആയിരക്കണക്കിന് ജീവനക്കാരെ മൈക്രോസോഫ്‌റ്റ് ഇന്ന് പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ട്
ആഗോള സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയ പ്രതികൂലാവസ്ഥ മറികടക്കാനാണ് മൈക്രോസോഫ്‌റ്റ് ജീവനക്കാരെ പിരിച്ചുവിടുന്നത്
അമേരിക്കയിലെ ടെക്‌നോളജി സെക്‌ടറിലാണ് ഈ തീരുമാനം ആദ്യം നടപ്പിലാക്കുന്നത്. 221,000ത്തിലധികം ജീവനക്കാരുള്ള മൈക്രോസോഫ്റ്റ്, അഞ്ച് ശതമാനം ജീവനക്കാരെ പിരിച്ചുവിടുന്നത് നടപ്പിലാക്കിയാല്‍ ഏകദേശം 11,000 ജീവനക്കാർക്ക് ആകെ ജോലി നഷ്‌ടമായേക്കുമെന്നാണ് വിവരം. 2022 ജൂൺ 30 വരെയുള്ള കണക്കുകൾ പ്രകാരം, യുണൈറ്റഡ് സ്റ്റേറ്റ്സിൽ 122,000 പേരും അന്താരാഷ്‌ട്രതലത്തിൽ 99,000 പേരും ഉൾപ്പടെയാണ് ആകെ 221,000 ജീവനക്കാര്‍ ഈ കമ്പനിയില്‍ ജോലി ചെയ്യുന്നത്.
ഹ്യൂമൻ റിസോഴ്‌സ്, എന്‍ജിനീയറിങ് വിഭാഗങ്ങളിലുള്ള ആയിരക്കണക്കിന് പേര്‍ക്കാണ് ഇന്ന് (ജനുവരി 18) ജോലി നഷ്‌ടപ്പെടുക. അടുത്തിടെ ആമസോൺ ഡോട്ട് കോം ഇൻക്, ഫേസ്‌ബുക്കിന്‍റെ മാതൃകമ്പനിയായ മെറ്റ എന്നിവയുൾപ്പടെയുള്ള കമ്പനികൾ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ആഗോള സാമ്പത്തിക മാന്ദ്യം വരുമാനം കുറച്ചതാണ് ഈ നീക്കത്തിലേക്ക് ടെക്‌നോളജി കമ്പനികളെ എത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.