ഹവായി (യുഎസ്):ലോകത്തിലെ വലിയ അഗ്നിപർവതമായ മൗന ലോവ പൊട്ടിത്തെറിച്ചതിന് പിന്നാലെ ഹവായിലേക്ക് സഞ്ചാരികളുടെ തിരക്ക്. ഹവായിയിലെ ബിഗ് ഐലൻഡിന്‍റെ ആകാശം ചുവപ്പായി മാറുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അഗ്നിപർവതത്തിൽ നിന്ന് ലാവ പ്രവഹിക്കുന്നതിന്‍റെ നിരവധി ആകാശ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
യുഎസിലെ ഹവായി ദ്വീപിലാണ് മൗന ലോവ അഗ്നിപർവതം സ്ഥിതിചെയ്യുന്നത്. നദിപോലെ ലാവ പൊട്ടിയൊഴുകുന്ന ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ നിരവധി സഞ്ചാരികളാണ് പ്രദേശത്തേക്ക് എത്തിയത്. സന്ദർശകരുടെ തിരക്ക് വർധിച്ചതോടെ ഹവായി ഹൈവേയിൽ ഗതാഗത തടസം വരെ നേരിട്ടു.