കീവ്:റഷ്യൻ നിയന്ത്രണത്തിലുള്ള തുറമുഖ പട്ടണമായ മരിയുപോളിനു സമീപം കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തിയതായി യുക്രൈൻ അധികൃതർ. മരിയുപോൾ കീഴടക്കിയതായി റഷ്യൻ പ്രസിഡന്‍റ് വ്ളാദ്മിര്‍ പുടിൻ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് കുഴിമാടങ്ങളുടെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നത്. 1000 പേരെ വരെ ഉള്‍ക്കൊള്ളാൻ ശേഷിയുള്ളതാണ് കുഴിമാടങ്ങള്‍.
45 മീറ്റര്‍ വീതിയും 25 മീറ്റര്‍ ഉയരവുമുള്ള കുഴിമാടങ്ങളാണ് കണ്ടെത്തിയത്. സാധാരണക്കാരെ റഷ്യൻ സൈന്യം ഈ കുഴിമാടങ്ങളിൽ കൊന്നു തള്ളിയതായി യുക്രൈൻ ആരോപിച്ചു. ബുച്ചയിൽ കണ്ടെത്തിയ കൂട്ടക്കുഴിമാടങ്ങളേക്കാൾ 20 മടങ്ങ് വലുതാണ് മരിയുപോളിന് സമീപത്തേതെന്ന് മരിയുപോൾ സിറ്റി കൗൺസിലിന്‍റെ ടെലിഗ്രാം പോസ്റ്റിൽ പറയുന്നു.