ലാഗോസ്:മാരകമായ മാർബർഗ് വൈറസ് ആഫ്രിക്കയിൽ പടർന്നുപിടിക്കുന്നു. ജൂലൈ മാസം രണ്ട് കേസുകളാണ് ആഫ്രിക്കയിലെ ഘാനയിൽ റിപ്പോർട്ട് ചെയ്‌തത്. 90 ശതമാനം രോഗികളുടെയും ജീവൻ അപഹരിച്ച എബോള വൈറസിന്‍റെ കുടുംബത്തിൽപ്പെട്ടതാണ് പുതുതായി റിപ്പോർട്ട് ചെയ്‌ത മാർബർഗ് വൈറസ്.
എന്താണ് മാർബർഗ് വൈറസ്:മാർബർഗ് ഹെമറാജിക് ഫീവർ എന്നറിയപ്പെട്ടിരുന്ന മാർബർഗ് വൈറസ് രോഗത്തിന്(എംവിഡി) കാരണമാകുന്നതാണ് മാർബർഗ് വൈറസ്. എബോള വൈറസിന്‍റെ കുടുംബത്തിൽപ്പെട്ട മാർബർഗ് വൈറസ് മൂലമുണ്ടാകുന്ന രോഗത്തിന് മരണനിരക്ക് 50% ആണ്. എന്നാൽ വൈറസ് വകഭേദം, രോഗ നിയന്ത്രണ മാർഗങ്ങൾ എന്നിവ കണക്കിലെടുത്ത് മരണനിരക്ക് 24% മതൽ 88% വരെ വ്യത്യാസപ്പെടാം.
1967ൽ ജർമനിയിലെ മാർബർഗ് നഗരത്തിലും സെർബിയയിലെ ബെൽഗ്രേഡിലുമാണ് വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്. രണ്ട് നഗരങ്ങളിലും ഒരുമിച്ചാണ് വൈറസ് വ്യാപനം ഉണ്ടായത്. ഉഗാണ്ടയിൽ നിന്നും ലബോറട്ടറി പരീക്ഷണങ്ങൾക്കായി മാർബർഗിലേക്ക് ഇറക്കുമതി ചെയ്‌ത കുരുങ്ങുകളിൽ നിന്നാണ് വൈറസ് വ്യാപനമുണ്ടായത്. കുരങ്ങുകളുടെ രക്തം, കലകൾ, കോശങ്ങൾ എന്നിവയുമായുണ്ടായ സമ്പർക്കം മൂലം ലബോറട്ടറി സ്റ്റാഫ് വൈറസ് ബാധിതനായി. 31 പേരിൽ വൈറസ് വ്യാപനം ഉണ്ടാവുകയും ഏഴ് പേർ മരണമടയുകയും ചെയ്‌തു.
പ്രാരംഭ വ്യാപനത്തിന് ശേഷം, ലോകത്തിന്‍റെ മറ്റ് ഭാഗങ്ങളിലും മാർബർഗ് വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. കേസുകളിൽ ഭൂരിഭാഗവും ആഫ്രിക്കയിലെ ഉഗാണ്ട, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, കെനിയ, ദക്ഷിണാഫ്രിക്ക, ഗിനിയ, ഘാന എന്നിവിടങ്ങളിലായിരുന്നു. നൈജീരിയയിലും മാർബർഗ് വൈറസ് ബാധ ഉണ്ടായിട്ടുണ്ടെന്ന് സീറോളജിക്കൽ പഠനങ്ങൾ പറയുന്നു.
വൈറസിന്‍റെ ഉറവിടം കൃത്യമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും പഴംതീനി വവ്വാലുകളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. 2008ൽ റൂസെറ്റസ് വവ്വാലുകളുള്ള ഉഗാണ്ടയിലെ ഗുഹ സന്ദർശിച്ച രണ്ട് യാത്രികരിൽ കേസ് റിപ്പോർട്ട് ചെയ്‌തിരുന്നു.
എങ്ങനെ പടരുന്നു:രോഗബാധിതന്‍റേയോ ഉറവിടത്തിന്‍റെയോ ദ്രവങ്ങൾ, കലകൾ, കോശങ്ങൾ എന്നിവയുമായുള്ള സമ്പർക്കത്തിലൂടെയാണ് മാർബർഗ് വൈറസ് പടരുന്നത്. ഇത് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കോ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കോ പടരാം. രോഗബാധിതരുടെ ശരീരദ്രവങ്ങൾ, ചർമ്മം, കോശങ്ങൾ, രക്തം എന്നിവയിലൂടെയാണ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നത്. സ്രവങ്ങളാൽ മലിനമായ കിടക്ക, വസ്ത്രം എന്നിവ ഉപയോഗിക്കുന്നതിലൂടെയും രോഗം പകരുന്നു.