ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമര്‍ശം ടൂറിസം രംഗത്തെ ബാധിക്കുമെന്ന ആശങ്കയില്‍ മാലദ്വീപ് (Maldives Tourism). മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന് പിന്നാലെയായിരുന്നു മാലദ്വീപ് യുവജനവകുപ്പ് സഹമന്ത്രി മറിയം ഷിവുന ആദ്യം അധിക്ഷേപ പരാമര്‍ശം നടത്തിയത്. പിന്നാലെ, മന്ത്രിമാരായ മല്‍ഷ, ഹസന്‍ സിഹാന്‍ എന്നിവരും ഇന്ത്യന്‍ പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തി രംഗത്തെത്തുകയായിരുന്നു.
ഇതിന് പിന്നാലെ വേഗത്തില്‍ തന്നെ ഇവര്‍ക്കെതിരെ മാലദ്വീപ് ഭരണകൂടം നടപടിയെടുത്തിരുന്നു. ഉത്തരവാദിത്ത സ്ഥാനങ്ങള്‍ കൈകര്യം ചെയ്യുന്നവരുടെ ഭാഗത്ത് നിന്നുമുണ്ടായ ഈ പെരുമാറ്റം ടൂറിസം മേഖലയെ ബാധിക്കുമെന്ന് കണ്ടാണ് ഭരണകൂടെ ഇവര്‍ക്കെതിരെ ശരവേഗത്തില്‍ തന്നെ നടപടി സ്വീകരിച്ചത്. എന്നാല്‍, മാലദ്വീപ് വിരുദ്ധ വികാരം ഉള്‍പ്പടെ ട്രെന്‍ഡിങ് ആയ സാഹചര്യത്തില്‍ ഈ സംഭവത്തിന്‍റെ പ്രത്യാഘാതം വരുന്ന ദിവസങ്ങളില്‍ തന്നെ വ്യക്തമാകുമെന്നാണ് ഇന്ത്യൻ അസോസിയേഷൻ ഓഫ് ടൂർ ഓപ്പറേറ്റേഴ്‌സ് നല്‍കുന്ന വിവരം.
അതേസമയം, പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഈസ്മൈട്രിപ്പ്.കോം (EaseMyTrip.com Canceled All Booking To Maldives) മാലദ്വീപിലേക്കുള്ള എല്ലാ ബുക്കിങ്ങുകളും റദ്ദാക്കിയിട്ടുണ്ട്. ലേകത്തിലെ തന്നെ പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളില്‍ ഒന്നായ മാലദ്വീപിലേക്കുള്ള ബുക്കിങ്ങുകള്‍ റദ്ദാക്കിയ വിവരം കമ്പനി തന്നെയാണ് പ്രസ്‌താവനയിലൂടെ അറിയിച്ചത്.
മാലദ്വീപിന്‍റെ പ്രധാന വരുമാന മാര്‍ഗം തന്നെ വിനോദ സഞ്ചാര മേഖലയാണ്. ദേശീയ വരുമാനത്തിന്‍റെ 28 ശതമാനവും ലഭിക്കുന്നത് ടൂറിസത്തില്‍ നിന്നുമാണ്. ഓരോ വര്‍ഷവും 16 ലക്ഷത്തിലധികം പേരാണ് മാലദ്വീപ് സന്ദര്‍ശിക്കുന്നത് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.