കേരളം

kerala

ETV Bharat / international

മാലദ്വീപ് മേയർ തെരഞ്ഞെടുപ്പിൽ ഇന്ത്യ അനുകൂല പാർട്ടിക്ക് വിജയം; ഭരണപക്ഷത്തിന് കനത്ത തിരിച്ചടി - ഇന്ത്യ മാലദ്വീപ് തർക്കം

Male Mayoral Poll : മാലെയിൽ നടന്ന മേയർ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ അനുകൂലികളായ എംഡിപി പാർട്ടിക്ക് വമ്പിച്ച ജയം. എംഡിപിയുടെ സ്ഥാനാർത്ഥി ആദം അസിം മാലെയുടെ പുതിയ മേയറാകും. നിലവിൽ മാലദ്വീപ് പ്രസിഡന്‍റായ മുഹമ്മദ് മുയിസുവായിരുന്നു മുൻ മേയർ.

Male Mayoral Poll  Indian vs Maldives  ഇന്ത്യ മാലദ്വീപ് തർക്കം  മാലദ്വീപ് തെരഞ്ഞെടുപ്പ്
Maldives Ruling Party Loses Male Mayoral Poll

By ETV Bharat Kerala Team

Published : Jan 14, 2024, 8:26 AM IST

മാലെ: ഇന്ത്യയുമായുള്ള ബന്ധം വഷളായതിന് പിന്നാലെ മാലദ്വീപിൽ നടന്ന തെരഞ്ഞെടുപ്പിൽ ഭരണപക്ഷമായ പീപ്പിൾസ് നാഷണൽ കോൺഗ്രസിന് തിരിച്ചടി. രാജ്യ തലസ്ഥാനമായ മാലെയിൽ നടന്ന മേയർ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടിയായ മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി (എംഡിപി) ഉജ്ജ്വല വിജയം നേടി. ഇന്ത്യ അനുകൂല പാർട്ടിയാണ് എംഡിപി (Maldives Ruling Party Loses Male Mayoral Poll).

തെരഞ്ഞെടുപ്പിൽ ജയിച്ചതോടെ എംഡിപി സ്ഥാനാർത്ഥി ആദം അസിം മാലെയുടെ പുതിയ മേയറാകും. നിലവിൽ മാലദ്വീപ് പ്രസിഡന്‍റായ മുഹമ്മദ് മുയിസു ആയിരുന്നു നേരത്തെ ഈ സ്ഥാനം വഹിച്ചിരുന്നത്. കഴിഞ്ഞ വർഷം പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുവേണ്ടി മുയിസു സ്ഥാനം രാജിവയ്‌ക്കുകയായിരുന്നു (Adam Azim as Male Mayor).

ഭരണകക്ഷിയെ മറിച്ചിട്ട എംഡിപിയുടെ വിജയം വലിയ മാർജിനിലെ വിജയമായാണ് മാലദ്വീപിലെ മാധ്യമങ്ങൾ റിപ്പോർട് ചെയ്‌തത്‌. 41 ബാലറ്റ് പെട്ടികൾ എണ്ണിക്കഴിഞ്ഞപ്പോൾ 2,002 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ആദം അസിം വിജയിച്ചത്. അസീമിന് 5,303 വോട്ടും എതിർ സ്ഥാനാർത്ഥിയായിരുന്ന പീപ്പിൾസ് നാഷണൽ കോൺഗ്രസ് സ്ഥാനാർത്ഥി ഐഷത്ത് അസിമ ഷക്കൂറിന് 3,301 വോട്ടുകളാണ് ലഭിച്ചത്.

Also Read:പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശം വിനയാകുന്നു, ആശങ്കയില്‍ മാലദ്വീപ് ടൂറിസം

പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മുഹമ്മദ് മുയിസുവിനോട് പരാജയപ്പെട്ട ഇന്ത്യ അനുകൂലിയായ മുൻ പ്രസിഡന്‍റ് മുഹമ്മദ് സോലിഹാണ് എംഡിപിയുടെ അധ്യക്ഷൻ. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും പാർലമെൻ്റിൽ ഇപ്പോഴും എംഡിപിക്ക് തന്നെയാണ് ഭൂരിപക്ഷം. രാജ്യതലസ്ഥാനത്തെ മേയർ തെരഞ്ഞെടുപ്പിൽ കൈവരിച്ച വിജയം എംഡിപിയുടെ വലിയ രാഷ്ട്രീയ നേട്ടമായാണ് കണക്കാക്കപ്പെടുന്നത് (Maldives Presidential Election).

ഇന്ത്യയുമായുള്ള ബന്ധം വഷളാകുന്നതിനിടെ പ്രസിഡന്‍റായ മുഹമ്മദ് മുയിസു അഞ്ചുദിവസത്തേക്ക് ചൈന സന്ദർശിച്ചിരുന്നു. ഇതിനുശേഷം ഇന്നലെയാണ് (ശനി) അദ്ദേഹം മാലദ്വീപിൽ മടങ്ങിയെത്തിയത്. ചൈനയിൽവച്ച് നടത്തിയ പ്രസ്‌താവനയിൽ മുയിസു ഇന്ത്യക്കെതിരെ പരോക്ഷ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.

മാലദ്വീപ് ചെറിയ രാജ്യമായിരിക്കാം. പക്ഷെ തങ്ങളെ ഭീഷണിപ്പെടുത്താനുള്ള ലൈസന്‍സ് ആര്‍ക്കും നല്‍കിയിട്ടില്ലെന്നാണ് മുയിസു വിമർശിച്ചത്. പേരെടുത്ത് പറഞ്ഞില്ലെങ്കിലും പരാമര്‍ശം ഇന്ത്യയെ ഉദ്ദേശിച്ചുതന്നെയാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. (India Maldives Diplomatic Row)

കടുത്ത ചൈന അനുകൂലിയായി കണക്കാക്കപ്പെടുന്ന മുഹമ്മദ് മുയിസു ചൈന സന്ദർശനത്തിനിടെ പ്രസിഡൻ്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ ഇരുപതോളം കരാറുകളിലാണ് ഒപ്പുവയ്ച്ച‌ത്. മാലദ്വീപിന് 130 ഡോളറിന്‍റെ സാമ്പത്തിക സഹായവും ചൈന വാഗ്‌ദാനം ചെയ്‌തതായാണ് റിപ്പോർട്ട്.

Also Read:ലക്ഷദ്വീപിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; മാലിദ്വീപിലേക്കുള്ള യാത്ര റദ്ദാക്കി ഈസിമൈ ട്രിപ്പ്

കഴിഞ്ഞയാഴ്‌ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മാലദ്വീപിലെ മൂന്ന് മന്ത്രിമാര്‍ അപകീര്‍ത്തികരമായ പ്രസ്‌താവന നടത്തിയത് വലിയ വിവാദമായിരുന്നു. മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന് പിന്നാലെ മാലദ്വീപ് യുവജനവകുപ്പ് സഹമന്ത്രി മറിയം ഷിവുനയാണ് ആദ്യം അധിക്ഷേപ പരാമര്‍ശം നടത്തിയത്. പിന്നാലെ, മന്ത്രിമാരായ മല്‍ഷ, ഹസന്‍ സിഹാന്‍ എന്നിവരും ഇന്ത്യന്‍ പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തി രംഗത്തെത്തി. വിഷയം കൈവിട്ടെന്ന് അറിഞ്ഞതോടെ മാലദ്വീപ് ഭരണകൂടം മൂന്ന് മന്ത്രിമാരെയും സസ്‌പെൻഡ് ചെയ്‌തു. വിദേശകാര്യ മന്ത്രാലയം ഇന്ത്യയിലെ മാലിദ്വീപ് അംബാസിഡറെ വിളിച്ചുവരുത്തി ശക്തമായ എതിർപ്പും രേഖപ്പെടുത്തി.

ABOUT THE AUTHOR

...view details