ക്വാലാലംപൂര്‍: മലേഷ്യയിലേക്ക് ഒരു ട്രിപ്പ് പ്ലാന്‍ ചെയ്യുന്നവരാണോ നിങ്ങള്‍...? എങ്കില്‍ ഇതാ നിങ്ങള്‍ക്ക് ഒരു സന്തോഷവാര്‍ത്തയുണ്ട്. ഇനി ഇന്ത്യയില്‍ നിന്നും മലേഷ്യയിലേക്ക് പോകാന്‍ വിസയുടെ ആവശ്യമുണ്ടായിരിക്കില്ല (Visa Free Entry for Indian Citizens In Malaysia).
ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ളവര്‍ക്ക് വിസയില്ലാതെ 30 ദിവസം രാജ്യത്ത് തുടരാമെന്ന നിര്‍ണായക പ്രഖ്യാപനം (30 Day Visa-free Entry for Indian and Chinese citizens In Malaysia) നടത്തിയിരിക്കുകയാണ് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം (Malaysian Prime Minister Anwar Ibrahim). പീപ്പിള്‍സ് ജസ്റ്റിസ് പാര്‍ട്ടിയുടെ വാർഷിത കോണ്‍ഗ്രസില്‍ സംസാരിക്കുമ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഡിസംബര്‍ 1 മുതലാണ് ഈ തീരുമാനം പ്രാബല്യത്തില്‍ വരുന്നത്.
ഇന്ത്യയ്‌ക്ക് ഇത്തരത്തിലൊരു സേവനം ലഭ്യമാക്കുന്ന നാലാമത്തെ രാജ്യമാണ് മലേഷ്യ. നേരത്തെ ശ്രീലങ്ക, വിയറ്റ്‌നാം, തായ്‌ലന്‍റ് എന്നീ രാജ്യങ്ങളാണ് ഇന്ത്യന്‍ പൗരന്മാര്‍ക്ക് തങ്ങളുടെ രാജ്യത്ത് വിസ രഹിത എന്‍ട്രി അനുവദിച്ചത്. ഇവിടങ്ങളിലെ പോലെ തന്നെ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണ് മലേഷ്യയും ഇപ്പോള്‍ ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. അതേസമയം, എത്ര നാളുകള്‍ വരെയാണ് മലേഷ്യ നല്‍കുന്ന ഇളവ് തുടരുന്നത് എന്നതില്‍ വ്യക്തത ലഭിച്ചിട്ടില്ല.
കൃത്യമായ സുരക്ഷ പരിശോധനകള്‍ നടത്തിയ ശേഷമായിരിക്കും പൗരന്മാര്‍ക്ക് തങ്ങളുടെ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുക എന്നും മലേഷ്യന്‍ പ്രധാനമന്ത്രി വ്യക്തമാക്കി. 'സുരക്ഷ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. മലേഷ്യയിലേക്ക് എത്തുവരെയെല്ലാം പ്രാരംഭഘട്ടത്തില്‍ കൃത്യമായി നിരീക്ഷിക്കും.
ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്കും തീവ്രവാദ ബന്ധം സംശയിക്കുന്നവര്‍ക്കും ഒരു കാരണവശാലും രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ല. സുരക്ഷസേനയും ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്‌മെന്‍റിനുമായിരിക്കും ഇതിന്‍റെ ചുമതല നല്‍കുക'- അന്‍വര്‍ ഇബ്രാഹിം വ്യക്തമാക്കി.