ജനീവ (സ്വിറ്റ്‌സര്‍ലന്‍ഡ്): ഏറ്റവും മനോഹരമായ റെയില്‍ ട്രാക്കുകളിലൊന്നായ ആൽപ്‌സ് പർവതനിരകളിലൂടെ ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിനോടിക്കാനൊരുങ്ങി സ്വിസ് റെയില്‍വേ കമ്പനിയായ റാറ്റിയൻ റെയിൽവേ. ആല്‍പ്‌സിലെ ആല്‍ബുല/ ബെര്‍നിന റൂട്ടിലൂടെ പ്രെഡയിൽ നിന്ന് ബെർഗ്യൂനിലേക്ക് 100 കോച്ചുകളും നാല് എഞ്ചിനും ഉള്‍പ്പെടുന്ന 1.9 കിലോമീറ്റർ നീളമുള്ള (1.2 മൈൽ) പാസഞ്ചർ ട്രെയിനോടിച്ച് റെക്കോര്‍ഡ് സ്ഥാപിക്കാനാണ് റാറ്റിയൻ റെയിൽവേ ലക്ഷ്യമിടുന്നത്.
'100 കോച്ചുകൾ നാല് എഞ്ചിൻ': ലോകത്തെ ഏറ്റവും മനോഹര പാതയില്‍ ഏറ്റവും വലിയ പാസഞ്ചർ ട്രെയിൻ ഓടിക്കാൻ സ്വിസ് റെയില്‍ കമ്പനി - യുനെസ്‌കോ
സ്വിസ് റെയിൽവേയുടെ 175 വർഷം ആഘോഷിക്കാനാണ് യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ച റെയില്‍ ലൈനിലൂടെ ഏറ്റവും വലിയ പാസഞ്ചർ ട്രെയിൻ ഓടിക്കുന്നത്.

ഒരുപാട് വളവുകളുള്‍പ്പടെ 22 ടണലുകളും ലാൻഡ്‌വാസർ വയഡക്റ്റുള്‍പ്പടെ 48 പാലങ്ങളും കടന്നുപോകുന്ന ഈ ആല്‍ബുല/ ബെര്‍നിന റെയില്‍ പാത 2008-ൽ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ചിരുന്നു. ഏതാണ്ട് 25 കിലോമീറ്റര്‍ (15.5 മൈല്‍) ദൂരം പിന്നിടുന്ന ഈ യാത്രയ്‌ക്ക് ഒരു മണിക്കൂര്‍ വേണ്ടിവരുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
മാത്രമല്ല സ്വിറ്റ്‌സർലൻഡിന്‍റെ നിര്‍മിതികളില്‍ ചിലത് ഉയർത്തിക്കാട്ടാനും സ്വിസ് റെയിൽവേയുടെ 175 വർഷം ആഘോഷിക്കാനുമാണ് ഈ റെക്കോഡ് ഓട്ടമെന്ന് റാറ്റിയൻ റെയിൽവേ ഡയറക്‌ടർ റെനറ്റോ ഫാസിയാറ്റി പറഞ്ഞു.