കേരളം

kerala

ETV Bharat / international

ലിസ്‌ ട്രസ് പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി - ബ്രിട്ടിഷ് പ്രധാനമന്ത്രി

കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജന്‍ ഋഷി സുനകിനെ ലിസ്‌ ട്രസ് പരാജയപ്പെടുത്തി

Liz Truss Becomes Britain PM  ലിസ്‌ ട്രസ്  കണ്‍സര്‍വേറ്റീവ് പാര്‍ട്ടി  ലിസ്‌ ട്രസ് യുകെയുടെ അടുത്ത പ്രധാനമന്ത്രി  Liz Truss  Britain PM  Britain new PM  ബ്രിട്ടിഷ് പ്രധാനമന്ത്രി  ലിസ്‌ ട്രസ് പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി
ലിസ്‌ ട്രസ് അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിയാവും

By

Published : Sep 5, 2022, 5:41 PM IST

Updated : Sep 5, 2022, 7:11 PM IST

ലണ്ടന്‍: ലിസ്‌ ട്രസ് യുകെയുടെ അടുത്ത പ്രധാനമന്ത്രിയാവും. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ലിസ്‌ ട്രസ് ഇന്ത്യന്‍ വംശജനായ ഋഷി സുനകിനെ പരാജയപ്പെടുത്തി. ലിസ്‌ ട്രസ് നാളെ(06.09.2022) പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കും.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 47കാരിയായ ലിസ്‌ ട്രസിന് 57.4 ശതമാനം വോട്ടാണ് ലഭിച്ചത്. ഋഷി സുനകിന് 42.6 ശതമാനം വോട്ട് ലഭിച്ചു. ആദ്യഘട്ട തെരഞ്ഞെടുപ്പിന് ശേഷമുള്ള എല്ലാ അഭിപ്രായ വോട്ടെടുപ്പുകളിലും ലിസ്‌ ട്രസിനായിരുന്നു മുന്‍തൂക്കം. അതുകൊണ്ട് തന്നെ അവരുടെ വിജയം ഏറെക്കുറെ പ്രതീക്ഷിക്കപ്പെട്ടതായിരുന്നു.

കഴിഞ്ഞ ആറ് വര്‍ഷത്തിനിടയിലെ ബ്രിട്ടനിലെ നാലാമത്തെ പ്രധാനമന്ത്രിയായിരിക്കും ലിസ്‌ ട്രസ്. മാര്‍ഗരറ്റ് താച്ചറും തെരേസ മെയ്‌ക്കും ശേഷമുള്ള ബ്രിട്ടന്‍റെ മൂന്നാമത്തെ വനിത പ്രധാനമന്ത്രിയുമായിരിക്കും അവര്‍. പല വെല്ലുവിളികളുമാണ് പ്രധാനമന്ത്രി എന്ന നിലയില്‍ ലിസ്‌ ട്രസ് അഭിമുഖീകരിക്കാന്‍ പോകുന്നത്.

ബ്രിട്ടനിലെ പണപ്പെരുപ്പം രണ്ടക്കത്തില്‍ എത്തി നില്‍ക്കുകയാണ്. ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥ മാന്ദ്യ ഭീഷണിയിലുമാണ്. തൊഴില്‍ സമരങ്ങളും ഇന്ധന പ്രതിസന്ധിയും നിലനില്‍ക്കുകയാണ്. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍റെ മൂന്ന് വര്‍ഷക്കാലം വിവാദങ്ങളാല്‍ സമ്പന്നമായിരുന്നു. ഇത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ വലിയ വിഭാഗീയതയാണ് സൃഷ്‌ടിച്ചിരിക്കുന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ ഒന്നിച്ച് കൊണ്ടുപോകുക എന്ന ദൗത്യവും പാര്‍ട്ടി നേതാവെന്ന നിലയില്‍ ലിസ്‌ ട്രസിന്‍റെ മുന്നിലുണ്ട്.

സ്വതന്ത്ര വിപണിയെ അനുകൂലിക്കുന്ന നേതാവ്: സ്വതന്ത്ര വിപണിയില്‍ അധിഷ്‌ടിതമായ രാഷ്‌ട്രീയ പ്രത്യയ ശാസ്‌ത്രമാണ് ലിസ്‌ ട്രസ് വച്ച് പുലര്‍ത്തുന്നത്. താന്‍ നികുതി നിരക്ക് ഉയര്‍ത്തുമെന്നും അതിലൂടെ സമ്പദ്‌വ്യവസ്ഥയെ വളര്‍ച്ചയുടെ പാതയിലേക്ക് നയിക്കുമെന്നുമാണ് ലിസ്‌ ട്രസ് പ്രഖ്യാപിച്ചത്.

ഇന്ധന വിലവര്‍ധനവ് പരിഹരിക്കുന്ന നടപടികളിലേക്ക് കടക്കുന്നതോടൊപ്പം ഇന്ധന വിതരണവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നേരിടുമെന്നും ലിസ്‌ ട്രസ് പറഞ്ഞു. ബോറിസ് ജോണ്‍സണെതിരായുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കകത്തെ കൊട്ടാര വിപ്ലവത്തില്‍ ലിസ്‌ ട്രസ് ഭാഗമായിരുന്നില്ല. സ്‌കോട്‌ലന്‍റിലെ ബാല്‍മോറ കൊട്ടാരത്തില്‍ അവധിക്കാലം ആഘോഷിക്കുന്ന ബ്രിട്ടീഷ്‌ രാജ്ഞിയെ നാളെ(06.09.2022) സന്ദര്‍ശിച്ചാണ് പ്രധാനമന്ത്രി സ്ഥാനം ലിസ്‌ ട്രസ് ഏറ്റെടുക്കുക. അതിന് മുമ്പായി ബോറിസ് ജോണ്‍സണ്‍ രാജ്ഞിയെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് വിട ചൊല്ലും.

ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ലിസ്‌ ട്രസും ഋഷി സുനകും ഉള്‍പ്പെടെ എട്ട് സ്ഥാനാര്‍ഥികളാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവ് സ്ഥാനത്തിനായി മല്‍സരിച്ചിരുന്നത്. പാര്‍ലമെന്‍റില്‍ ഭൂരിപക്ഷമുള്ള പാര്‍ട്ടിയുടെ നേതാവാണ് ബ്രിട്ടനില്‍ പ്രധാനമന്ത്രി സ്ഥാനം കൈയാളുക. നികുതി വെട്ടികുറയ്‌ക്കല്‍ സമ്പദ്‌ വ്യവസ്ഥയിലെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കുറയ്‌ക്കല്‍ എന്നീ വലുതുപക്ഷ സാമ്പത്തിക ആശയങ്ങളാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ക്ക് മുന്നില്‍ ലിസ്‌ ട്രസ് മുന്നോട്ട് വച്ചത്.

കണ്‍സര്‍വേറ്റീവ് എംപിമാര്‍ക്ക് വോട്ടവകാശമുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ ഋഷി സുനകായിരുന്നു ഒന്നാമതെത്തിയത്. എന്നാല്‍ 1,60,000ത്തോളം കണ്‍സര്‍വേറ്റീവ് അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയ രണ്ടാം ഘട്ടത്തില്‍ ലിസ്‌ ട്രസ് വിജയിക്കുകയായിരുന്നു. ഋഷി സുനക് വിജയിക്കുകയായിരുന്നെങ്കില്‍ വെളുത്ത വര്‍ഗക്കാരനല്ലാത്ത ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രി എന്ന നിലയില്‍ ചരിത്രം സൃഷ്‌ടിക്കുമായിരുന്നു അദ്ദേഹം.

Last Updated : Sep 5, 2022, 7:11 PM IST

ABOUT THE AUTHOR

...view details