റിയോ (ബ്രസീല്‍):പ്രകൃതിയിലെ പ്രതിഭാസങ്ങളെ അതുപോലെ ഒപ്പിയെടുത്ത ചിത്രങ്ങള്‍ ഏറെയുണ്ട്. ചുറ്റിലുമുണ്ടാകുന്ന അത്‌ഭുതകരമായ പ്രതിഭാസങ്ങളെ അക്ഷമയോടെ കാത്തിരുന്ന് പകര്‍ത്താറുള്ള ഫോട്ടോഗ്രാഫര്‍മാരും അത്രത്തോളം തന്നെയുണ്ട്. ഇത്തരത്തില്‍ പകര്‍ത്തപ്പെട്ട ഒരു ചിത്രത്തിന് പിന്നാലെയാണ് നിലവില്‍ സമൂഹമാധ്യമങ്ങളത്രയും.
ഒന്നൊന്നര ക്ലിക്ക്: ലോകോത്തര തലത്തില്‍ പ്രസിദ്ധമായതും ബ്രസീലിന്‍റെ തനത് അഭിമാനങ്ങളിലൊന്നുമായ ക്രൈസ്‌റ്റ് ദി റിഡീമര്‍ പ്രതിമയില്‍ പതിച്ച ഇടിമിന്നലാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. ഫെബ്രുവരി 10 നാണ് സംഭവം നടക്കുന്നത്. മിന്നല്‍ പിണറിന്‍റെ അഗ്രം പ്രതിമയുടെ തലയില്‍ പതിക്കുന്ന നിമിഷം തന്നെ ഫോട്ടോഗ്രാഫറുടെ ക്ലിക്കും ഒത്തുവന്നു.
ഇതോടെ മനോഹരമായ ആ ചിത്രം പിറന്നു. തുടര്‍ന്ന് ഫെർണാണ്ടോ ബ്രാഗ എന്നയാള്‍ പകര്‍ത്തിയതാണെന്ന് വ്യക്തമാക്കി @Rainmaker1973 എന്ന ഉപയോക്താവാണ് ചിത്രം ട്വിറ്ററിൽ പോസ്‌റ്റ് ചെയ്‌തത്. പിന്നാലെ സമൂഹമാധ്യമ ലോകം തന്നെ അണിനിരന്നു. പിന്നീട് ട്വീറ്റിനടിയില്‍ കണ്ടത് കമന്‍റുകളുടെ പ്രവാഹമായിരുന്നു. അതില്‍ ഏറെയും സൂചിപ്പിച്ചത് 'ശരിയായ സമയത്ത് ചിത്രം പകര്‍ത്തുക എന്നത് ഭാഗ്യമാണ്' എന്നായിരുന്നു.
ഇടിവെട്ട് ഇതാദ്യമല്ല:അതേസമയം പ്രതിവർഷം 20 ലക്ഷം ആളുകൾ സന്ദർശിക്കുന്ന ക്രൈസ്റ്റ് ദി റിഡീമർ പ്രതിമ സ്ഥിതി ചെയ്യുന്നത് ബ്രസീലിലെ റിയോ ഡി ജനീറോയയിലാണ്. എന്നാല്‍ പ്രതിമയില്‍ ഇടിമിന്നലേല്‍ക്കുന്നത് ഇതാദ്യമായല്ല. 2014 ലുണ്ടായ ഒരു ഇടിമിന്നലില്‍ പ്രതിമയുടെ തള്ളവിരലിന് കേടുപാടുകളും സംഭവിച്ചിരുന്നു. മതപരമായ പ്രാധാന്യം കല്‍പ്പിച്ചെത്തുന്നവര്‍ക്കൊപ്പം പ്രതിമയുടെ സൗന്ദര്യം പരിഗണിച്ച് ദശലക്ഷക്കണക്കിന് ആളുകളാണ് ക്രൈസ്റ്റ് ദി റിഡീമറിനടുത്തെത്താറുള്ളത്.
എന്താണ് ക്രൈസ്‌റ്റ് ദി റിഡീമര്‍:ബ്രസീലിയന്‍ എഞ്ചിനീയര്‍ ഹെയ്‌തര്‍ ഡ സില്‍വ കോസ്‌റ്റയും ഫ്രഞ്ച് എഞ്ചിനീയർ ആൽബർട്ട് കാക്കോട്ടുമായും സഹകരിച്ച് ഫ്രഞ്ച് ശില്‍പിയായ പോൾ ലാൻഡോവ്‌സ്‌കിയാണ് റിയോ ഡി ജനീറോയയിലെ ക്രിസ്‌തുവിന്‍റെ പ്രതിമ നിര്‍മിക്കുന്നത്. 1922 നും 1931 നും ഇടയിൽ നിർമിച്ച ഈ പ്രതിമയ്ക്ക് 30 മീറ്റർ ഉയരമാണുള്ളത്. കോൺക്രീറ്റും സോപ്പ്‌സ്‌റ്റോണും ഉപയോഗിച്ച് ഉറപ്പിച്ച് നിര്‍മിച്ച പ്രതിമ ടിജൂക്ക നാഷണൽ പാർക്കിലെ കോർകോവാഡോ കൊടുമുടിയില്‍ 700 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.