ലെവിസ്റ്റണ്‍, മെയ്‌ന്‍: അമേരിക്കയിലെ മെയ്‌നില്‍ നിരവധി പേര്‍ കൊല്ലപ്പെട്ട വെടിവയ്‌പ്പ് കേസില്‍ പ്രതിയാണെന്ന് സംശയിക്കുന്നയാളെ മരിച്ച നിലയില്‍ കണ്ടെത്തി. മെയ്‌നിലെ പബ്ലിക് സേഫ്‌റ്റി കമ്മിഷണര്‍ മൈക്ക് സൗഷേക്കാണ് വെള്ളിയാഴ്‌ച (ഒക്‌ടോബര്‍ 27) വാര്‍ത്ത സമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചത്. വെടിവയ്‌പ്പ് കേസില്‍ പ്രതിയെന്ന് പൊലീസ് സംശയിക്കുന്ന റോബര്‍ട്ട് ആര്‍ കാര്‍ഡിനെയാണ് (40) വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത് (Shooting In Lewiston US).
ലിസ്‌ബണിന് സമീപമുള്ള വനത്തിലെ ആന്‍ഡ്രോസ്‌കോഗിന്‍ നദി കരയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് മെയ്‌നിലെ പബ്ലിക് സേഫ്‌റ്റി കമ്മിഷണര്‍ പറഞ്ഞു. ഇക്കഴിഞ്ഞ ബുധനാഴ്‌ചയാണ് (ഒക്‌ടോബര്‍ 25) അമേരിക്കയിലെ വടക്കുകിഴക്കന്‍ സംസ്ഥാനമായ മെയ്‌നിലെ ലെവിസ്‌റ്റണില്‍ വെടിവയ്‌പ്പുണ്ടായത്. ബൗളിങ് ആലിയിലും ബാറിലുമായുണ്ടായ വെടിവയ്‌പ്പില്‍ 22 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. രാത്രിയില്‍ ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്ത് പ്രതി രക്ഷപ്പെടുകയായിരുന്നു (Suspect In Lewiston Shooting Robert Card).
റോബര്‍ട്ട് കാര്‍ഡാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നുവെങ്കിലും ഇയാളെ കണ്ടെത്താനായിരുന്നില്ല. വെടിവയ്‌പ്പിന് ശേഷം സെമി ഓട്ടോമാറ്റിക് തോക്കുമായാണ് ഇയാള്‍ രക്ഷപ്പെട്ടത്. പ്രതിയെന്ന് സംശയിക്കുന്ന റോബര്‍ട്ട് കാര്‍ഡിന്‍റെ ഫോട്ടോ നേരത്തെ പൊലീസ് പുറത്ത് വിട്ടിരുന്നു.