കേരളം

kerala

ETV Bharat / international

ശ്രീലങ്കൻ പ്രതിസന്ധി: രാഷ്‌ട്രപതിയുടെ വസതിക്ക് സമീപം നടന്ന സംഘർഷം തീവ്രവാദ പ്രവർത്തനമെന്ന് സർക്കാർ - ശ്രീലങ്കൻ പ്രതിസന്ധി

അക്രമത്തിന് ഉത്തരവാദികൾ പ്രതിപക്ഷ പാർട്ടികളായ സമാഗി ജന ബലവേഗയ (എസ്‌ജെബി), ജനതാ വിമുക്തി പെരമുന (ജെവിപി) എന്നിവയുമായി ബന്ധമുള്ള 'തീവ്രവാദ ഘടകങ്ങൾ' ആണെന്ന് ടൂറിസം മന്ത്രി പ്രസന്ന രണതുംഗ ആരോപിച്ചു.

Protests near president's residence 'act of terrorism  Sri lanka crisis  President Gotabaya Rajapaksa  Tourism minister Prasanna Ranatunga  extremist elements  ശ്രീലങ്കൻ പ്രതിസന്ധി  ശ്രീലങ്കൻ രാഷ്‌ട്രപതി മാർച്ച്
രാഷ്‌ട്രപതിയുടെ വസതിക്ക് സമീപം നടന്ന സംഘർഷം തീവ്രവാദ പ്രവർത്തനമെന്ന് സർക്കാർ

By

Published : Apr 1, 2022, 7:15 PM IST

കൊളംബോ: ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടയിൽ പ്രസിഡന്‍റ് ഗോതബായ രാജപക്‌സെയുടെ വസതിയിലേക്ക് ജനങ്ങൾ നടത്തിയ മാർച്ചിനെ ഭീകരവാദ പ്രവർത്തനം എന്ന് വിശേഷിപ്പിച്ച് ശ്രീലങ്കൻ സർക്കാർ. മാർച്ചിനിടെയുണ്ടായ സംഘർഷങ്ങൾക്ക് കാരണം പ്രതിപക്ഷ പാർട്ടികളുമായി ബന്ധപ്പെട്ട 'തീവ്രവാദ ഘടകങ്ങൾ' ആണെന്നും സർക്കാർ വ്യക്തമാക്കി. വ്യാഴാഴ്‌ചയാണ് രാജപക്‌സെയുടെ വസതിയിലേക്ക് നടന്ന മാർച്ച് അക്രമാസക്തമായത്.

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് ആരോപിച്ച് നടന്ന മാർച്ചിൽ നൂറുകണക്കിന് പ്രതിഷേധക്കാരാണ് പങ്കെടുത്തത്. മാർച്ചിൽ പൊലീസും പ്രതിഷേധക്കാരും തമ്മിലുള്ള സംഘർഷത്തെ തുടർന്ന് മാധ്യമ പ്രവർത്തകരടക്കം നിരവധി പേർക്ക് പരിക്കേൽക്കുകയും വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്‌തിരുന്നു. പ്രസിഡന്‍റിന്‍റെ വസതിക്ക് സമീപം സ്ഥാപിച്ചിരുന്ന സ്റ്റീൽ ബാരിക്കേഡ് പ്രതിഷേധക്കാർ തകർത്തതിന് പിന്നാലെ പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.

സംഭവത്തെ തുടർന്ന് നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും കൊളംബോ നഗരത്തിന്‍റെ മിക്ക ഭാഗങ്ങളിലും കർഫ്യു ഏർപ്പെടുത്തുകയും ചെയ്‌തു. സംഘർഷത്തിന് പിന്നിൽ തീവ്രവാദി സംഘമാണെന്ന് പ്രസിഡന്‍റിന്‍റെ മാധ്യമ വിഭാഗം പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു. നുഗേഗോഡയിലെ ജൂബിലി പോസ്റ്റിന് സമീപം ചില സംഘടിത തീവ്രവാദികൾ നടത്തുകയായിരുന്ന പ്രകടനം പെട്ടന്ന് അക്രമാസക്തമാകുകയായിരുന്നുവെന്ന് പ്രസ്‌താവനയിൽ പറയുന്നു. സംഘർഷക്കാരെ അറസ്റ്റ് ചെയ്‌തതായും പലരും തീവ്രവാദികളാണെന്ന് കണ്ടെത്തിയതായും പ്രസ്‌താവനയിൽ പറയുന്നു.

അക്രമം തീവ്രവാദ പ്രവർത്തനമാണെന്ന് ഗതാഗത മന്ത്രി ദിലും അമുനുഗമ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അക്രമത്തിന് ഉത്തരവാദികൾ പ്രതിപക്ഷ പാർട്ടികളായ സമാഗി ജന ബലവേഗയ (എസ്‌ജെബി), ജനതാ വിമുക്തി പെരമുന (ജെവിപി) എന്നിവയുമായി ബന്ധമുള്ള 'തീവ്രവാദ ഘടകങ്ങൾ' ആണെന്ന് ടൂറിസം മന്ത്രി പ്രസന്ന രണതുംഗ ആരോപിച്ചു. ഇന്‍റലിജൻസിന്‍റെ പരാജയമാണ് പ്രകടനത്തിലേക്ക് നയിച്ചതെന്നും പ്രസിഡന്‍റിന്‍റെ ജീവൻ അപകടത്തിലാണെന്നും ആരോഗ്യമന്ത്രി കെഹേലിയ റംബുക്വെല്ല പറഞ്ഞു.

Also Read: ശ്രീലങ്കയില്‍ പ്രതിസന്ധി രൂക്ഷം; പ്രസിഡന്‍റിന്‍റെ വീട്ടിലേക്ക് നടന്ന മാര്‍ച്ചില്‍ സംഘര്‍ഷം

ABOUT THE AUTHOR

...view details