ലണ്ടന്‍: ബ്രിട്ടന്‍റെ 40-ാമത് രാജാവായി ചാള്‍സ് മൂന്നാമന്‍ സ്ഥാനമേറ്റു. കഴിഞ്ഞ സെപ്‌റ്റംബറിൽ മരണപ്പെട്ട എലിസബത്ത് രാജ്ഞിയുടെ പിൻഗാമിയായാണ് മൂത്തമകനായ ചാൾസ് മൂന്നാമൻ ബ്രിട്ടീഷ് കിരീടാവകാശിയാകുന്നത്. ലണ്ടനില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങുകൾക്ക് പിന്നാലെയാണ് കിരീട ധാരണം നടന്നത്.
ബക്കിങ്‌ഹാം കൊട്ടാരത്തില്‍ നിന്ന് വെസ്‌റ്റ്മിന്‍സര്‍ ആബി വരെ നടന്ന വർണാഭമായ ഘോഷയാത്രയില്‍ ചാള്‍സ് രാജകുമാരനൊപ്പം പത്‌നി കാമിലയും ഉണ്ടായിരുന്നു. ചാള്‍സ് മൂന്നാമനൊപ്പം കാമില രാജ്ഞിയുടെ സ്ഥാനാരോഹണവും നടന്നു. 1937ന് ശേഷം ഇതാദ്യമായാണ് ഒരു രാജ്ഞി ഒരു രാജാവിനൊപ്പം കിരീടധാരണം നടത്തുന്നത്.
ഓപ്പറേഷന്‍ ഗോള്‍ഡ് ഓര്‍ബ് പേരിട്ടിരിക്കുന്ന കിരീടധാരണ ചടങ്ങിന് വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരുന്നത്. ചരിത്രപരമായ ആഘോഷങ്ങള്‍ക്കും ചടങ്ങുകള്‍ക്കുമാണ് ബക്കിങാം കൊട്ടാരവും വെസ്റ്റ്മിനിസ്റ്റര്‍ ആബെയും സാക്ഷ്യം വഹിച്ചത്. അഞ്ച് ഘട്ടമായി നടക്കുന്ന കിരീടധാരണ ചടങ്ങുകള്‍ ഇന്ന് വൈകിട്ട് 3.30നാണ് ആരംഭിച്ചത്.
കാന്‍റര്‍ബെറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബിയുടെ കാര്‍മികത്വത്തിലാണ് ചാള്‍സ് മൂന്നാമന്‍റെ സ്ഥാനാരോഹണ ചടങ്ങുകൾ നടന്നത്. ഇന്ത്യയുടെ ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ, ഭാര്യ സുദേഷ് ധൻകർ, ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്, ന്യൂസീലൻഡ് പ്രധാനമന്ത്രി ക്രിസ് ഹിപ്‌കിൻസ് തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.